പള്ളി വളപ്പിൽ ഭ്രൂണം ഉപേക്ഷിച്ച സംഭവം: യുവതിയുടെ മൊഴിയിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി പോലീസ്

news image
Apr 16, 2026, 7:05 am GMT+0000 payyolionline.in

കോഴിക്കോട്: നഗരമധ്യത്തിലെ പള്ളി കോമ്പൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ഫ്രാങ്കോ (25) നൽകിയ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. യുവതിയുടെ പശ്ചാത്തലവും സാഹചര്യങ്ങളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിനാണ് പോലീസ് നീക്കം.

തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ബസ്സിലെത്തിയ തീർത്ഥാടക സംഘത്തോടൊപ്പമാണ് യുവതി കോഴിക്കോട്ടെത്തിയത്. ബസ്സിനുള്ളിൽ വെച്ചാണ് പ്രസവം നടന്നതെന്നാണ് പ്രാഥമിക വിവരം. പള്ളിക്ക് സമീപം ബസ് നിർത്തിയപ്പോൾ ഭ്രൂണം പുറത്തെടുത്ത് പള്ളി വളപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവതിയെ കണ്ടെത്തിയത്.

പെട്ടെന്ന് പ്രസവവേദന ഉണ്ടായെന്നും പരിഭ്രാന്തി മൂലമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, വിവാഹിതയും ഒന്നര വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ ഈ വിശദീകരണം പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
നിലവിൽ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവതിയെ ഡിസ്ചാർജ് ചെയ്താലുടൻ വിശദമായി ചോദ്യം ചെയ്യും. യുവതിയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും ഗർഭാവസ്ഥയെക്കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe