കോഴിക്കോട്: ട്രെയിൻ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ താങ്ങാവാനായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ 10 പ്രധാന സ്റ്റേഷനുകളിൽ മുഴുവൻസമയവും പ്രവർത്തിക്കുന്ന അടിയന്തര വൈദ്യസഹായകേന്ദ്രങ്ങൾ വരുന്നു. കോഴിക്കോട്, പാലക്കാട് ജങ്ഷൻ, ഷൊർണൂർ, മംഗളൂരു ജങ്ഷൻ, തിരൂർ, വടകര, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു സെൻട്രൽ എന്നീ സ്റ്റേഷനുകളിലാണ് ഈ ചെറുആരോഗ്യകേന്ദ്രങ്ങൾ ആരംഭിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിൽ പെട്ടെന്ന് അസ്വസ്ഥതകളോ മറ്റ് അവശതകളോ ഉണ്ടാകുന്നവർക്ക് തൊട്ടടുത്തുള്ള സ്റ്റേഷനിൽ വെച്ചുതന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആകെ 25 ലക്ഷം രൂപയാണ് ബജറ്റ് ഇനത്തിൽ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31-ന് തന്നെ ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിരുന്നുവെങ്കിലും ചില സാങ്കേതികപ്രശ്നങ്ങൾ കാരണം പ്രവൃത്തികൾ ആരംഭിക്കാൻ വൈകുകയായിരുന്നു.
വിവിധ ഘട്ടങ്ങളിലായി തുക അനുവദിച്ചാണ് ഈ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കുന്നത്. പദ്ധതിച്ചെലവായ 25 ലക്ഷം രൂപയിൽ 12 ലക്ഷം രൂപ ചെലവിട്ടാണ് കോഴിക്കോട്, പാലക്കാട് ജങ്ഷൻ, ഷൊർണൂർ, മംഗളൂരു ജങ്ഷൻ എന്നീ വലിയ സ്റ്റേഷനുകളിൽ സൗകര്യങ്ങൾ ഒരുക്കുന്നത്. തിരൂർ, വടകര, തലശ്ശേരി, കാസർകോട്, കണ്ണൂർ എന്നീ സ്റ്റേഷനുകളിലെ കേന്ദ്രങ്ങൾക്കായി ഒൻപതുലക്ഷം രൂപയും, മംഗളൂരു സെൻട്രൽ സ്റ്റേഷനിലെ കേന്ദ്രത്തിനായി നാലുലക്ഷം രൂപയും വിനിയോഗിക്കും. പ്രമുഖ സ്വകാര്യ ആശുപത്രികളുമായി പങ്കാളിത്തത്തിലാണ് ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം ക്രമീകരിക്കുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രശസ്തമായ പി.വി.എസ്. സൺറൈസ് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടുത്തെ നാലാം പ്ലാറ്റ്ഫോമിൽ 160 ചതുരശ്രമീറ്റർ സ്ഥലത്ത് ഇതിനായുള്ള അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾ കഴിഞ്ഞയാഴ്ചയോടെ ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് ആദ്യഘട്ടത്തിൽ ഈ 10 സ്റ്റേഷനുകളെ പദ്ധതിക്കായി തിരഞ്ഞെടുത്തത്. ഈ പുതിയ വൈദ്യസഹായകേന്ദ്രങ്ങളിൽ മുഴുവൻ സമയവും നഴ്സ്, ട്രെയിനി നഴ്സ് എന്നിവർ ഉൾപ്പെടെയുള്ള പരിചരണ ജീവനക്കാരുടെ സേവനം ലഭ്യമാകും. ഇതിനുപുറമെ യാത്രക്കാർക്ക് കൃത്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കാനുള്ള പ്രത്യേക ശ്രമങ്ങൾ റെയിൽവേ ഡിവിഷൻ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ റെയിൽവേ നേരിട്ടാണ് നിശ്ചയിക്കുന്നത്. കോഴിക്കോടിന് പുറമെ ഡിവിഷനിലെ മറ്റ് ഒൻപത് സ്റ്റേഷനുകളിലും ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം.
