പാലക്കാട് ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ശ്രമം; ഭർത്താവ് ഗുരുതരാവസ്ഥയിൽ

news image
Jul 27, 2023, 4:07 am GMT+0000 payyolionline.in

പാലക്കാട്∙ വടക്കഞ്ചേരിയിൽ ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഭാര്യയ്ക്കും ഭർത്താവിനും പൊള്ളലേറ്റു, ഭർത്താവിന്റെ പൊള്ളൽ ഗുരുതരമാണ്. മഞ്ഞപ്ര സ്വദേശിനി കാർത്തികയെ (30) ആണ് ഭർത്താവ് പ്രമോദ് (36) കൊലപ്പെടുത്താന്‌ ശ്രമിച്ചത്. കാർത്തികയെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിലും പ്രമോദിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പാലക്കാട് ബേക്കറിയിൽ ജോലി ചെയ്യുന്ന കാർത്തിക രാവിലെ മഞ്ഞപ്ര ബസ് സ്റ്റാൻഡിൽ ബസ് കയറാൻ എത്തിയപ്പോൾ ഒളിഞ്ഞുനിന്ന ഭർത്താവ് ആക്രമിക്കുകയായിരുന്നു. കാർത്തികയെ പിടിച്ചുനിർത്തിയ പ്രമോദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ അടങ്ങിയ കുപ്പി തുറന്ന് ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. കുതറിമാറിയതിനാൽ കാർത്തികയ്ക്ക് കാര്യമായി പൊള്ളലേറ്റില്ല.

മൂന്നു വർഷമായി പ്രമോദും കാർത്തികയും അകന്നു താമസിക്കുകയാണ്. ഒരു വർഷം മുന്‍പു പ്രമോദ് കാർത്തികയെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. 60% പൊള്ളലേറ്റ പ്രമോദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe