ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റീസുമാരായ ജെ. കെ. മഹേശ്വരി, പി. എസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സുപ്രീംകോടതി അഭിഭാഷകനായ സി ആർ ജയ സുകിനാണ് ഹര്‍ജി നല്‍കിയത്. ഭരണഘടനയുടെ 79-ാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രപതി പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകമായതിനാല്‍ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിക്കാതിരുന്നത് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണെന്ന് ഹര്ജിക്കാരന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഹർജിയിൽ ഇടപെടേണ്ട കാര്യമില്ലെന്നും ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. തുടർന്ന് ഹര്‍ജി പിന്‍വലിക്കാമെന്ന് ഹര്ജിക്കാരന് വ്യക്തമാക്കി. ഇതോടെയാണ് ഹര്‍ജി തള്ളിയത്.