പിടിയാനയെ ചൊല്ലി അസവും തമിഴ്നാടും തമ്മിൽ തർക്കം; വാർത്തകളിൽ താരമായി ജോയ്മാല

news image
Sep 20, 2022, 5:54 am GMT+0000 payyolionline.in

ചെന്നൈ: ജോയ്മാല എന്ന ഒരു ആനയെ ചൊല്ലി തമിഴ്നാടും അസമും തമ്മിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ നിയമപോരാട്ടം നടക്കുകയാണ്. അസം പാട്ടത്തിന് നൽകിയ ആനയെ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ വച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതാണ് ത‍ർക്കത്തിന് കാരണം. ആനയെ തിരികെ വേണമെന്ന് അസവും നൽകില്ലെന്ന് തമിഴ്നാടും നിലപാടെടുത്തു. ഗുവാഹത്തി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെ അസമിൽ നിന്നുള്ള നാലംഗ സംഘം ആനയെ പരിശോധിച്ചു.

തമിഴ്‌നാട്ടിലെ വിരുദ നഗർ ജില്ലയിലെ ശ്രീവല്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലാണ് ജോയ്മാല എന്ന പിടിയാന ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ജൂണിലാണ് ആനയെ പാപ്പാൻ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ മൊബൈൽ ദൃശ്യങ്ങൾ പുറത്തു വന്നത്. ഇതോടെ അസമിൽ വലിയ പ്രതിഷേധമുണ്ടായി. പരിസ്ഥിതി സ്നേഹികളും വിഷയത്തിൽ ഇടപെട്ടു. ആനകളെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുകയാണെങ്കിൽ പാട്ടക്കരാർ അസാധുവാകുമെന്നും ജോയ്മാലയെ തിരികെ നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പാലിക്കണം എന്നാണ് അസം സർക്കാർ ആവശ്യപ്പെടുന്നത്.

ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ച അസം സർക്കാർ ആനയ്ക്ക് ക്രൂരപീഡനമാണ് തമിഴ്നാട്ടിൽ വച്ചുണ്ടായതെന്നും ആനയെ തിരികെ കൊണ്ടുവരാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ ആനയെ തിരികെ കൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലും പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടു. ആനയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പഴയതാണെന്നും ആ സംഭവത്തിൽ കർശന നടപടി എടുത്തതാണെന്നും ഈ ഹർജയിൽ തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഒരു കാരണവശാലും ആനയെ വിട്ടു നൽകില്ലെന്നും ആനയ്ക്ക് സമീപകാലത്ത് യാതൊരു മർദ്ദനവും നേരിടേണ്ടി വന്നിട്ടില്ലെന്നും ആനയ്ക്ക് എല്ലാ സൌകര്യവും പരിചരണവും നൽകി സംരക്ഷിക്കുന്നുണ്ടെന്നും  തമിഴ്നാട് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

 

ഇതിനിടെ ആനയുടെ അവസ്ഥ വിലയിരുത്താൻ അസം സർക്കാർ ഒരു സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പ്രശസ്ത മൃഗഡോക്ടർ, ആന വിദഗ്ധൻ പത്മശ്രീ ഡോ. കുശാൽ ശർമ്മ എന്നിവരടങ്ങുന്ന സംഘത്തിൽ സെപ്തംബർ മൂന്ന് മുതൽ തമിഴ്‌നാട്ടിൽ എത്തിയിട്ടും ഇതുവരെ പ്രവേശനാനുമതി ലഭിച്ചിട്ടില്ല. ഇതേ തുടർന്ന് ഗുവാഹത്തി ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും അസം ഉദ്യോഗസ്ഥർക്ക് ആനയെ പരിശോധിക്കാൻ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ആനയെ പരിശോധിച്ച സംഘം നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും കേസിൻ്റെ ഭാവി.

ഗിരിൻ മോറൻ എന്ന അസം സ്വദേശിയിൽ നിന്നും 2011-ലാണ് പിടിയാനയെ തമിഴ്നാട് സർക്കാർ പാട്ടത്തിന് എടുത്തതെന്ന് അസം അഡ്വക്കറ്റ് ജനറൽ ദേവ്ജിത്ത് സൈകിയ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാട്ടകരാർ കാലവധി ഇതിനോടകം കഴിഞ്ഞെങ്കിലും ആന തമിഴ്നാട്ടിൽ തുടരുകയാണെന്നും വന്യജീവി സംരക്ഷണം സർക്കാരിൻ്റെ ഉത്തരവാദിത്തമായതിനാൽ ആനയെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഏറ്റെടുക്കുമെന്നും അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe