തിക്കോടി: കേരളം ഇന്ന് കൈവരിച്ചിട്ടുള്ള സാമൂഹിക-സാംസ്കാരിക പുരോഗതിക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇടതുപക്ഷ ഗവൺമെന്റുകളും നടത്തിയ വിപ്ലവകരമായ ഇടപെടലുകളാണെന്ന് സി.പി.ഐ (എം) ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം. ഗിരീഷ്. സി.പി.ഐ (എം) മുൻ തിക്കോടി ലോക്കൽ സെക്രട്ടറിയും കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സഖാവ് പി.കെ. ഭാസ്കരന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം എങ്ങനെയോണ് ഇന്നത്തെ ഉന്നതമായ അവസ്ഥയിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഭൂപരിഷ്കരണം മുതൽ പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ കുതിച്ചുചാട്ടം വരെ ഇടതുപക്ഷ നയങ്ങളുടെ ഫലമാണെന്നും, അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ രുഗ്മാംഗദൻ ടി.കെ അനുസ്മരണ പ്രഭാഷണം നടത്തി. കളത്തിൽ ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.പി. ഷിബു, എം.കെ. പ്രേമൻ, ചന്ദ്രശേഖരൻ തിക്കോടി, സജിന ചെത്തിൽ എന്നിവർ സംസാരിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂൾ കലോത്സവ വിജയികളെ അനുമോദിച്ചു. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ ഗാനസദസ്സും നടന്നു. ചടങ്ങിന് ആർ. വിശ്വൻ സ്വാഗതവും അതുൽ വി.കെ നന്ദിയും പറഞ്ഞു.
