‘പൊതുമണ്ഡലങ്ങളിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നു, ഗോവിന്ദനെയും രാഗേഷിനെയും മാറ്റണം’; കണ്ണൂരിൽ പോസ്റ്റർ

news image
May 5, 2026, 12:16 pm GMT+0000 payyolionline.in

കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനുമെതിരെ പോസ്റ്റര്‍. ധര്‍മ്മശാലയിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പൊതുമണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക എന്നാണ് പോസ്റ്ററിലെ വാചകം. ധര്‍മ്മശാല യൂണിവേഴ്‌സിറ്റി റോഡിലെ കവാടത്തിന്റെ തൂണിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മോറാഴ സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയായിരുന്നു എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റും എല്‍ഡിഎഫ് 35 സീറ്റുകളുമാണ് നേടിയത്. കോണ്‍ഗ്രസ് 63 സീറ്റുകളും മുസ്‌ലിം ലീഗ് 22 സീറ്റുകളും നേടി. സിപിഐഎമ്മിന് 26 സീറ്റുകള്‍ മാത്രമാണ് നേടാനായത്. സിപിഐ എട്ട് സീറ്റുകളും നേടി. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. ബിജെപി മൂന്ന് സീറ്റുകളും നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ പതിമൂന്ന് പേര്‍ പരാജയപ്പെട്ടു. വി ശിവന്‍കുട്ടി, പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, റോഷി അഗസ്റ്റിന്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, കെ ബി ഗണേഷ് കുമാര്‍, ഒ ആര്‍ കേളു തുടങ്ങിയവരാണ് പരാജയപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, പി എ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ വിജയിക്കുകയും ചെയ്തു.

ഉറച്ച കോട്ടയായ കണ്ണൂരിലും സിപിഐഎമ്മിന് അടിപതറിയിരുന്നു. തളിപ്പറമ്പിനും പയ്യന്നൂരിലും വിമത സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം കുറഞ്ഞു. 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിണറായി വിജയന്റെ വിജയം. പിണറായി വിജയന്‍ 85,614 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ അഡ്വ. വി പി അബ്ദുല്‍ റഷീദ് 66,367 വോട്ടുകളായിരുന്നു നേടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe