‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ആർ. ശ്രീലേഖയെ പ്രതി ചേർത്തു

news image
Apr 25, 2026, 6:51 am GMT+0000 payyolionline.in

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ പൊലീസിനെതിരായ വിവാദ പരാമർശങ്ങളെത്തുടർന്ന് മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു. സംഘർഷം നടന്ന സമരം ഉദ്‌ഘാടനം ചെയ്തിട്ടും നേരത്തെ ശ്രീലേഖയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, “പോടാ പുല്ലേ പൊലീസേ, പിണറായിയുടെ തെമ്മാടികളേ” എന്ന പൊലീസിനെതിരായ മുദ്രാവാക്യം വിളി വലിയ വിവാദമായതോടെയാണ് ശ്രീലേഖയെ കേസിൽ പ്രതി ചേർത്ത് പൊലീസ് പ്രത്യേക റിപ്പോർട്ട് നൽകിയത്.

ശ്രീലേഖയ്‌ക്കൊപ്പം ഡെപ്യൂട്ടി മേയർ ആശ നാഥനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. തന്നെ പ്രതി ചേർത്ത നടപടിയോട് “പൊലീസ് അവരുടെ ജോലി ചെയ്യട്ടെ” എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. അതേസമയം, ശ്രീലേഖയെ നേരത്തെ ഒഴിവാക്കിയതിനെതിരെ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ രൂക്ഷമായ വിമർശനവുമായി വി.കെ. പ്രശാന്ത് എംഎൽഎ വീണ്ടും രംഗത്തെത്തി. വിരമിച്ച ഉദ്യോഗസ്ഥരുടെ തിട്ടൂരം വാങ്ങി ഭരിക്കേണ്ടവരല്ല സേനയിലുണ്ടാകേണ്ടതെന്നും കമ്മീഷണർക്കെതിരെ അന്വേഷണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

കേരളത്തിലെ ആദ്യ വനിതാ ഡിജിപി ഇത്തരത്തിൽ സേനയെ ആക്ഷേപിക്കാമോ എന്ന ചോദ്യവുമായി ഐപിഎസ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. മാർച്ചിൽ പങ്കെടുത്ത മറ്റൊരു മുൻ ഡിജിപി ടി.പി. സെൻകുമാറും പൊലീസിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം പരാമർശങ്ങളിൽ പൊലീസ് സേനയ്ക്കുള്ളിൽ കടുത്ത അമർഷം പുകയുകയാണ്. കമ്മീഷണർക്ക് അയച്ച സ്വകാര്യ സന്ദേശങ്ങൾ പരസ്യപ്പെടുത്തിയ ശ്രീലേഖയുടെ നടപടിയെയും അസോസിയേഷൻ കുറ്റപ്പെടുത്തി. ബിജെപിയുടെ തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെ വട്ടിയൂർക്കാവ് എസ്എച്ച്ഒ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe