കൊട്ടാരക്കര: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ സുഹൃത്തായ സൈനികന്‍ അറസ്റ്റില്‍. കോട്ടാത്തല സ്വദേശിനിയും എം.എ സൈക്കോളജി വിദ്യാര്‍ഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനില്‍ ശ്രീലതയുടെ മകള്‍ വൃന്ദാ രാജി(24)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും കാമുകനുമായിരുന്ന കോട്ടത്തല സരിഗ ജംങ്ഷനില്‍ കൃഷ്ണാഞ്ചലയില്‍ അനുകൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദാ രാജ് കഴിഞ്ഞ ജൂണ്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയുമായി അനുകൃഷ്ണന്‍ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും പെണ്‍കുട്ടിക്ക് യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി അനുകൃഷ്ണന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇക്കാര്യം പെണ്‍കുട്ടി ചോദ്യം ചെയ്തപ്പോള്‍ യുവാവ് വാട്‌സാപ്പിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. യുവാവിന്റെ ഫോണില്‍ നിന്ന് ഇതുസംബന്ധിച്ച തെളിവുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.