ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 1,050 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. 62 ലക്ഷത്തോളം ആളുകൾക്കാണ് 2,000 രൂപവീതം പെന്ഷന് ലഭിക്കുക.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്ഷന് അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, ഇതും പലപ്പോഴും വൈകുന്ന സാഹചര്യമാണ്. ഈ നില ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
49,433.83 കോടി രൂപയാണ് ഈ സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്ഷന് ഇനത്തില്‍ വിതരണം ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപ പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കി. അതേസമയം 2011-16 –ല്‍ ചുമതലയിലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ 9,011 കോടി രൂപയാണ് നല്‍കിയത്.
600 രൂപയായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്ഷന്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായാണ് 2,000 രൂപയായി തുക വര്‍ധിപ്പിച്ചത്. ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി കേരള സർക്കാർ നല്‍കുന്നത്. ഇത് ഒരു കുടിശികയുമില്ലാതെ അതാത് മാസം തന്നെ വിതരണം ചെയ്യുന്നതാണ്. നിലവില്‍ ഒരു വര്‍ഷം ക്ഷേമ പെന്ഷന് വിതരണത്തിന് വേണ്ടിവരുന്നത് 14,500 കോടി രൂപയാണെന്നും അടുത്ത വര്‍ഷത്തേയ്ക്കും ഇതിനുള്ള വകയിരുത്തല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
