ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

news image
Sep 22, 2026, 4:54 am GMT+0000 payyolionline.in

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തെക്കൻ ജില്ലകളിലും മറ്റന്നാൾ വടക്കൻ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 24-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

​മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായും (Depression) തുടർന്ന് അതിതീവ്ര ന്യൂനമർദ്ദമായും (Deep Depression) മാറും. ഇത് സെപ്റ്റംബർ 23-ഓടെ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡീഷ തീരങ്ങൾക്ക് സമീപമെത്താനാണ് സാധ്യത. ഇതിനുപുറമേ തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനം മൂലം സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴ തുടർന്നേക്കും.

അതേസമയം, മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ദീർഘകാല കരാർ വഴിയും സ്വാപ്പിങ് വഴിയും ലഭിക്കേണ്ട വൈദ്യുതി മുടങ്ങിയതും ഉപഭോഗത്തിൽ 500 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നതുമാണ് പ്രതിസന്ധിക്ക് കാരണമായി കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്. ഉപഭോഗം ഉയർന്ന നിലയിൽ തുടർന്നാൽ ഇന്നും നിയന്ത്രണമുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe