ബെംഗളൂരു: ബെംഗളൂരു ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥി ആദിത്യന്റെ മരണത്തിന് പിന്നാലെ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ. അധ്യാപകനായ സന്ദീപ് പാണ്ഡെയുടെ മാനസികവും ശാരീരികവുമായ പീഡനം കാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ 18 വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ച് മടങ്ങിയതായി സഹപാഠികൾ ആദിത്യന്റെ കുടുംബത്തിന് അയച്ച സന്ദേശങ്ങളിൽ വെളിപ്പെടുത്തി.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ആദിത്യനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യന്റെ മരണത്തിൽ കോളേജിലെ അധ്യാപകനും ഹോസ്റ്റൽ വാർഡനുമായ സന്ദീപ് പാണ്ഡെയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആദിത്യനെ ലഹരി ഉപയോഗിക്കുന്നവനെന്ന് മുദ്രകുത്തിയും, സഹപാഠികളുടെ പേര് പറയാൻ നിർബന്ധിച്ചും അധ്യാപകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
വിദ്യാർത്ഥികൾ അധ്യാപകനെതിരെ നിരന്തരം പരാതികൾ നൽകിയിട്ടും കോളേജ് മാനേജ്മെന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് സഹപാഠികൾ പറയുന്നു. മാനേജ്മെന്റിനും അധ്യാപകർക്കും വിദ്യാഭ്യാസത്തേക്കാൾ ബിസിനസ് താല്പര്യങ്ങളാണുള്ളതെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. ആദിത്യന്റെ മരണശേഷം മൃതദേഹം കാണാൻ പോലും കുടുംബത്തെ കോളേജ് അധികൃതർ അനുവദിച്ചില്ലെന്നും സഹപാഠികൾ അയച്ച സന്ദേശത്തിൽ പറയുന്നു.
നേരത്തെ സന്ദീപ് പാണ്ഡെ ആദിത്യനെ മാനസികമായി പീഡിപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥിനികൾ കുടുംബത്തിന് അയച്ച ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ്, ഇതേ പീഡനം സഹിക്കാനാവാതെയാണ് മുൻപ് 18 പേർ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയതെന്ന പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്. ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
