ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു

news image
Jan 14, 2023, 11:32 am GMT+0000 payyolionline.in

കോട്ടയം∙ ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശിനി അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് അവിടെനിന്നു മൂന്ന് ആംബുലൻസുകളിലായി വൈക്കം ഇത്തിപ്പുഴയിലെ വീട്ടിൽ കൊണ്ടുവന്നു. ഇവിടെ പൊതുദർശനത്തിനു വച്ച ശേഷം ഉച്ചയോടെയാണ് സംസ്കരിച്ചത്.

അതിനിടെ കൊലപാതകത്തിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറൻസുകൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

ഡിസംബർ 15നാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെ ഭർത്താവ് സൈജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബ്രിട്ടനിലെ കേറ്ററിങ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe