കൊച്ചി: മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ ഉത്തരവിന് സ്റ്റേ. സർക്കുലർ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്. ഡിജിപി റവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഡോ. പി എസ് മഹേന്ദ്ര കുമാറാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. തിരുവിതാംകൂറിലും, കൊച്ചിയിലും പല ക്ഷേത്ര ചടങ്ങുകളിലും പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് പരമ്പരാഗതമായി നിലനിൽക്കുന്ന കീഴ്വഴക്കം ആണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇതിൽ ചിലത് ക്ഷേത്ര ആചാരങ്ങളുടെ ഭാഗമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന സർക്കുലർ ഡിജിപി പുറപ്പെടുവിച്ചത്. നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
പൊലീസ് സേനയിൽപ്പെട്ട ഉദ്യോഗസ്ഥർ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു നിർദ്ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ പരിപാടികളിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു നടപടി. കേസ് അടുത്തമാസം 17-ന് കോടതി വീണ്ടും പരിഗണിക്കും.
