മന്ത്രിമാർക്ക് 1.5 ലക്ഷം, എംഎൽഎമാർക്ക് ഒരുലക്ഷം; മറ്റാനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

news image
Oct 27, 2026, 5:34 am GMT+0000 payyolionline.in

തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷം രൂപയായി വർധിക്കാൻ സാധ്യത. മന്ത്രിമാരുടേത് ഒന്നര ലക്ഷമായും വർധിപ്പിച്ചേക്കും. നിയമസഭാം​ഗങ്ങളുടെ മറ്റാനുകൂല്യങ്ങളും വർധിപ്പിക്കും. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ബി അശോക് വർധന ശുപാർശ നൽകിയേക്കും. നിലവിൽ കേരളത്തിലെ എംഎൽഎക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് കൈയിൽ ലഭിക്കുന്നത്. കേരളത്തിലെ മന്ത്രിക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 97,000 ലഭിക്കും.

എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിമർശനം ഉയരുന്നു. സർക്കാർ നടപടി ധൂർത്താണെന്ന് വിമർശനമുയർന്നു. അതേസമയം, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ അടക്കം പ്രതിപക്ഷത്തും മൗനം തുടരുകയാണ്. പിഎസ് സി അംഗങ്ങളുടെ അനുകൂല്യങ്ങളിൽ തൊടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശവും ചർച്ചയാകുന്നു. എൽഡിഎഫ് സർക്കാർ പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe