വയനാട്: വ്യാപക മരം മുറിയിലേക്ക് നയിച്ച റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ നിന്ന് മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ കണ്ടെത്താനായില്ല. 14 കോടിയിലധികം രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു. ആറ് കോടി രൂപയുടെ മരങ്ങൾ പിടികൂടാനായില്ല. റവന്യൂവകുപ്പിന്റെ മരങ്ങളാണ് ഉത്തരവിന്റെ മറവിൽ മുറിച്ചത്. കടത്തിയ ഈട്ടി, തേക്ക് മരങ്ങളെക്കുറിച്ച് പിന്നീട് അന്വേഷണവും നടന്നില്ല.
2020 ഒക്ടോബർ 24ന് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് മരങ്ങൾ മുറിച്ചത്. ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനായിരുന്നു വിവാദ ഉത്തരവ്. 2021 ഫെബ്രുവരി നാലിന് ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ഇക്കാലയളവിൽ സംസ്ഥാനത്ത് 2600ലധികം മരങ്ങൾ മുറിച്ചുകടത്തി. മുട്ടിൽ 108 ഈട്ടിമരങ്ങളിൽ കോടാലി പതിച്ചു. 2021 ഫെബ്രുവരി ആറിന് പെരുമ്പാവൂരിൽ നിന്ന് ഈട്ടിത്തടികൾ വനംവകുപ്പ് പിടികൂടി. എട്ട് കോടിയിലേറെ രൂപയുടെ മരങ്ങളാണ് കണ്ടെത്താനായിട്ടുള്ളത്. വിവാദ ഉത്തരവിന്റെ മറവിൽ മുറിച്ച ആറ് കോടിയിലേറെ രൂപയുടെ മരങ്ങളാണ് ഇനിയും കാണാമറയത്തുള്ളത്.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ കേസുകൾ മാത്രമാണ് അന്വേഷണ സംഘം അന്വേഷിച്ചത്. അതിന്റെ കുറ്റപത്രം മാത്രമാണ് കൊടുക്കാൻ കഴിഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ, ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥൻ, വയനാട്ടിലെ കൽപ്പറ്റയിലുണ്ടായിരുന്ന ഒരു റേഞ്ച് ഓഫീസർ എന്നിവരുടെയടക്കം പേരുകൾ കേസുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. എന്നാൽ, പൊലീസ് ഇത് ഒരുഘട്ടത്തിലും അന്വേഷിച്ചില്ല. അതിന് പിന്നിൽ മുൻമുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണെന്ന വിവരം ഇന്നലെ പുറത്തുവരികയായിരുന്നു. എസ്ഐടി തലവനായിരുന്ന എഡിജിപി എസ് ശ്രീജിത്തിന് മറ്റൊരു കേസിന്റെ ചുമതല നൽകി. ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് കണ്ടെത്തിയവരെക്കുറിച്ച് എസ്ഐടി അന്വേഷിച്ചില്ല.
