മഴക്കാലമെത്തുന്നു: വടകരയിൽ ദേശീയപാത സർവീസ് റോഡുകൾ തകർച്ചയിൽ; ദുരിതയാത്ര ഭീതിയിൽ ജനങ്ങൾ

news image
May 9, 2026, 2:56 am GMT+0000 payyolionline.in

വടകര : വീണ്ടുമൊരു മഴക്കാലമെത്താറായിട്ടും ദേശീയപാതയിലെ സർവീസ്റോഡുകൾ പഴയപടിതന്നെ. കഴിഞ്ഞദിവസം പെയ്ത മഴയെത്തുടർന്ന് റോഡിന്റെ തകർച്ച ഒന്നുകൂടി രൂക്ഷമായി. പലയിടത്തും കുഴികൾ രൂപപ്പെട്ട് ചെളിവെള്ളം കെട്ടിക്കിടക്കുന്നു. മഴശക്തമാകുമ്പോൾ റോഡുതകർന്ന് ഗതാഗതം പ്രതിസന്ധിയിലാകുമെന്ന് മുൻവർഷത്തെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, കാലവർഷം തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സർവീസ്റോഡ് നവീകരിക്കുന്നതിനുള്ള ശ്രമങ്ങളൊന്നും തുടങ്ങിയിട്ടില്ല.

ബസ്സുടമകളും തൊഴിലാളികളും വ്യാപാരികളും പൊതുസമൂഹവുമെല്ലാം ഈ ആവശ്യം ശക്തമാക്കുന്നുണ്ട്. വടകര ബൈപ്പാസിലെ സർവീസ്റോഡുകളുടെ സ്ഥിതി ഏതാണ്ട് കഴിഞ്ഞവർഷത്തേതുപോലെത്തന്നെയാണ്. പുതിയസ്റ്റാൻഡ് പരിസരംമുതൽ പെരുവാട്ടുംതാഴവരെ ഇരുവശത്തും സർവീസ്റോഡിലൂടെയാണ് ഇപ്പോൾ ഗതാഗതം. കഴിഞ്ഞവർഷം ഇത്രയുംദൂരം ഉണ്ടായിട്ടില്ല.

വീതികുറവായ സർവീസ്റോഡിലൂടെയുള്ള ഗതാഗതം, പൊതുവേ വാഹനങ്ങളുടെ മെല്ലെപ്പോക്കിന് കാരണമാകും. ഇതിനിടെ റോഡ് തകരുകയുംകൂടി ചെയ്താൽ കുരുക്ക് ശക്തമാകും.

മുൻവർഷത്തെക്കാൾ ശക്തമായ ഗതാഗതക്കുരുക്കായിരിക്കും ഇത്തവണ റോഡ് നവീകരിച്ചില്ലെങ്കിൽ ഉണ്ടാവുക. നാരായണനഗരം ജങ്ഷന് സമീപം റോഡിൽ വലിയ കുഴിയുണ്ട്. വെള്ളം നിറഞ്ഞാൽ ഇരുചക്രവാഹനങ്ങൾക്ക് ഇത് ഭീഷണിയാണ്. പുതിയ സ്റ്റാൻഡിന്റെ ഒരുവശംവഴിയാണ് ഇപ്പോഴും വാഹനങ്ങൾ പോകുന്നത്. ഇത് ബസുകൾക്കുൾപ്പെടെ വലിയ പ്രയാസം തീർക്കുന്നുണ്ട്. ലിങ്ക് റോഡ് ജങ്ഷന് സമീപവും കുഴികൾ രൂപപ്പെട്ടുതുടങ്ങി. അടയ്ക്കാത്തെരു ജങ്ഷന് സമീപവും ഇതുതന്നെ സ്ഥിതി. കരിമ്പനപ്പാലത്തെ കുഴികൾ വലിയ ഗതാഗതക്കുരുക്കിന് ഇപ്പോൾത്തന്നെ കാരണമാകുന്നുണ്ട്.

ചോറോട് കൈനാട്ടി റൂട്ടിലും ഇരുവശത്തും സർവീസ് റോഡ് വഴിയാണ് ഗതാഗതം. സർവീസ്റോഡിലെ മഴവെള്ളം ഓവുചാലിലേക്ക് ഒഴുകിപ്പോകാത്തതിനാൽ പലയിടത്തും വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇത് പെട്ടെന്ന്‌ റോഡ് തകരാൻ ഇടയാക്കും. ഇതൊക്കെ മഴയ്ക്ക് മുമ്പെ തീർക്കേണ്ട പ്രശ്നങ്ങളാണ്. അടുത്തയാഴ്ച മഴക്കാലമുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കളക്ടർ എൻ.എച്ച്.എ.ഐ, ദേശീയപാതാ നിർമാണക്കമ്പനി എന്നിവരുടെ യോഗം വിളിക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

അറ്റകുറ്റപ്പണിയല്ല വേണ്ടത്, സമ്പൂർണ നവീകരണം

ദേശീയപാതാനവീകരണം പൂർത്തിയായാൽ എങ്ങനെയാണോ സർവീസ്റോഡ് ഉണ്ടാവുക, ആ നിലയിലുള്ള നവീകരണമാണ് വേണ്ടതെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഇതുവരെ തത്കാലത്തേക്ക് കുഴിയടച്ച് റോഡ് ഗതാഗതയോഗ്യമാക്കുക എന്നതാണ് കരാർക്കമ്പനിയുടെ നയം. എന്നാൽ, വീണ്ടും മഴപെയ്യുമ്പോൾ റോഡ് പഴയപടിയാകും. കഴിഞ്ഞവർഷം പലതവണ അറ്റകുറ്റപ്പണി നടത്തിയിട്ടും കാര്യമുണ്ടായില്ല. പൂർണതോതിൽ റോഡ് നവീകരിച്ചാൽ കുറെ പ്രശ്നങ്ങൾ ഒഴിവാക്കാം.

റോഡരികിൽ പൊട്ടിയ ഓവുചാൽ സ്ലാബുകൾ ഉൾപ്പെടെ മാറ്റി സുരക്ഷിതമാക്കണം. വെള്ളം കൃത്യമായി ഓവുചാലിലേക്ക് ഒഴുക്കാനുള്ള നടപടി വേണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe