മാഹിയിൽ വാതകശ്മശാനം ഒരുങ്ങുന്നു; ജനുവരി അവസാനം പ്രവർത്തനം തുടങ്ങും

news image
Jan 3, 2024, 5:11 pm GMT+0000 payyolionline.in

മാഹി : മാഹി നഗരസഭയുടെ പൊതുശ്മശാനം വാതകശ്മശാനമായി മാറ്റുന്നു. പ്രവൃത്തി അവസാനഘട്ടത്തിലാണ്. മാഹിയുടെ സമീപപ്രദേശമായ കേരളത്തിലെ മിക്കയിടങ്ങളിലും വാതകശ്മശാനം പ്രവർത്തിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. മാഹിയിൽ പൊതുശ്മശാനത്തിൽ ഇതുവരെ മൃതദേഹം വിറകും മറ്റും ഉപയോഗിച്ച് കത്തിച്ചായിരുന്നു സംസ്കരിച്ചത്. വളരെ ഉയർന്ന കുന്നിൻപ്രദേശത്തെ ശ്മശാനത്തിൽനിന്നുള്ള പുകയും ദുർഗന്ധവും ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതായി പരാതിയുമുയർന്നു.

വാതകശ്മശാനം പൂർത്തിയാവുന്നതോടെ ജനങ്ങളുടെ പ്രയാസത്തിന് പരിഹാരമാവും. ഇതോടെ ദീർഘകാലമായുള്ള മയ്യഴിക്കാരുടെ അടിയന്തരമായ ഒരാവശ്യമാണ് നിറവേറുന്നത്‌. 2006-11 കാലഘട്ടത്തിൽ ഏഴര ശതാബ്ദത്തോളം പഴക്കമുള്ള പൊതുശ്മശാനം നവീകരിക്കണമെന്ന് മാഹി നഗരസഭാ കൗൺസിലിൽ നിർദേശം വന്നിരുന്നെങ്കിലും നടപ്പായില്ല.അന്ന് നഗരസഭയുടെ അധ്യക്ഷനായിരുന്ന രമേശ് പറമ്പത്ത്, 2021ൽ എം.എൽ.എയായപ്പോഴാണ് ചുവപ്പുനാടയിൽ കുടുങ്ങിയ പദ്ധതിക്ക് ജീവൻവെച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ്‌ കോരക്കുറുപ്പ് തന്റെ കൈവശമുണ്ടായിരുന്ന കോരക്കുറുപ്പാൾ കുന്ന് ശ്മശാനം നിർമിക്കാൻ നഗരസഭയ്ക്ക് നൽകിയിരുന്നു. ഈ ഭൂമിയിലാണ് ശ്മശാനം സ്ഥിതിചെയ്യുന്നത്. മുൻ നഗരസഭ കമ്മിഷണർ രജീഷ് ചെയർമാനും മുൻ കൗൺസിലർ പള്ള്യൻ പ്രമോദ് വൈസ് ചെയർമാനുമായുള്ള മാഹി പൊതു ശ്മശാന പരിപാലന കമ്മിറ്റിയാണ് ഇപ്പോൾ കാര്യങ്ങൾ നോക്കുന്നത്. 12.5 ലക്ഷം രൂപ ചെലവിട്ട് കെട്ടിടം നേരത്തേ നിർമിച്ചിരുന്നു. 26 ലക്ഷത്തോളം രൂപയാണ് ഇതിന്റെ യന്ത്രസാമഗ്രികളും അനുബന്ധമായ പ്രവൃത്തികൾക്കുമായി അനുവദിച്ചത്. യന്ത്രങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി രമേശ് പറമ്പത്ത് എം.എൽ.എ. അറിയിച്ചു.ത്രീ ഫേസ് വൈദ്യുതി കണക്‌ഷൻ ഉടനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെട്ടിടത്തിലെ വയറിങ് പ്രവൃത്തികൾക്കായി ടെൻഡർ വിളിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകൾ, വാട്ടർ കണക്‌ഷൻ എന്നിവയും ഉടൻ ലഭിക്കും. വൈദ്യുതിയുടെ അഭാവത്തിൽ ശ്മശാനത്തിന്റെ പ്രവർത്തനത്തിന് ജനറേറ്ററും വാങ്ങുന്നുണ്ട്. ട്രയൽ റൺ ഉടനെ നടക്കുമെങ്കിലും ജനുവരി അവസാനത്തോടെ മാത്രമേ പൂർണമായ രീതിയിൽ വാതകശ്മശാനം പ്രവർത്തനമാരംഭിക്കുകയുള്ളൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe