കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി നസ്രിനയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ അദ്നാൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിന്റെ സ്വഭാവദൂഷ്യത്തെ പെൺകുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നസ്രിനയെ കൂടാതെ മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ അദ്നാൻ ശ്രമിച്ചിരുന്നതായും സൂചനയുണ്ട്.
ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി വീട്ടുകാർ പരിശോധിച്ചപ്പോഴാണ് നസ്രിനയെ മുകൾ നിലയിലെ മുറിയിൽ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നു. അദ്നാൻ മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ താമസിച്ച് പഠിച്ചിരുന്നയാളാണ്. അടുത്തിടെ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നതായും നാട്ടുകാർ പറയുന്നു.
നസ്രിനയെ ആക്രമിച്ച ശേഷം അദ്നാനെ മുറിയിൽ പൂട്ടിയിട്ടാണ് വീട്ടുകാർ പെൺകുട്ടിയുമായി ആശുപത്രിയിലേക്ക് പോയത്. എന്നാൽ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അദ്നാനെ മുഖത്ത് സെല്ലോടേപ്പ് ചുറ്റി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്നാന്റെ മരണം സംബന്ധിച്ചും പോലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തിവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്.
