തകർന്നടിഞ്ഞ് വടകര പുതിയ ബസ് സ്റ്റാൻഡിലെ നടപ്പാത: ദുരിതത്തിലായി കാൽനടയാത്രക്കാരും വ്യാപാരികളും

news image
Jul 18, 2026, 8:28 am GMT+0000 payyolionline.in

വടകര: ഒട്ടേറെ വ്യാപാരസമുച്ചയങ്ങളും സ്ഥാപനങ്ങളുമുള്ള, എപ്പോഴും ആൾത്തിരക്കേറിയ വടകര പുതിയ ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാത പൂർണ്ണമായും തകർന്ന നിലയിൽ. ഓവുചാൽ സ്ലാബുകളിലെ വലിയ കുഴികളും ചെളിക്കുളങ്ങളും കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഒരുപോലെ കെണിയൊരുക്കുകയാണ്. ബസ് സ്റ്റാൻഡിന്റെ അതിർത്തിയിലെ ഓവുചാലിന് മുകളിൽ സ്ലാബിട്ട ഭാഗമാണ് ഇവിടെ നടപ്പാതയായി ഉപയോഗിക്കുന്നത്. ഈ സ്ലാബുകൾ പലയിടത്തും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ യാത്രക്കാർക്ക് ഇത് കനത്ത ജീവന് ഭീഷണിയുയർത്തുന്നു.

​എടോടി വഴി വരുന്ന ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗം മുതൽ ആലക്കൽ റെസിഡൻസിക്ക് സമീപം വരെ ഒരുവശത്ത് നടപ്പാതയുണ്ടെങ്കിലും ഇത് സംരക്ഷിക്കാനോ കൃത്യമായി ഉപയോഗപ്പെടുത്താനോ നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു പദ്ധതിയുമില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകൾ പലതവണ ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. സ്ലാബിനോട് ചേർന്ന ഭാഗങ്ങൾ പൂർണ്ണമായും ചെളിക്കുളമായി മാറിയതോടെ ഇതുവഴി നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.

​ഈ നടപ്പാത കുറച്ചുകൂടി വികസിപ്പിച്ചാൽ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുഗമമായി സഞ്ചരിക്കാൻ പറ്റുന്ന മികച്ചൊരു സമാന്തരപാതയായി ഇതിനെ മാറ്റാൻ സാധിക്കും. നിലവിൽ തെക്കുഭാഗത്തുനിന്നുള്ള ഇരുചക്രവാഹനങ്ങൾ ബസ് സ്റ്റാൻഡിൽ കയറിയാണ് ഇവിടേക്ക് വരുന്നത്. ഇതിന് പോലീസ് പിഴയീടാക്കാറുമുണ്ട്. എന്നാൽ ഈ പാത വികസിപ്പിച്ചാൽ ആ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാകും.

​അതേസമയം, ഇവിടെയുള്ള ഓവുചാൽ നവീകരിക്കുന്നതിനായി നഗരസഭ നിലവിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓവുചാലിലെ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കാനും മുകളിലെ കേടുപാടുകൾ വന്ന സ്ലാബ് മാറ്റാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നവീകരണത്തോടൊപ്പം തന്നെ നടപ്പാത വികസനവും കൂടി ഉൾപ്പെടുത്തിയാൽ വടകരയിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് അത് ഉപകാരപ്രദമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നാരായണനഗരം യൂണിറ്റ് പ്രസിഡന്റ് പി.എ. കാദർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe