മേലടി ബ്ലോക്കിലെ മികച്ച ഹോംഷോപ്പ് നഗരസഭയായി പയ്യോളി തെരഞ്ഞെടുക്കപ്പെട്ടു

news image
Aug 22, 2026, 8:14 am GMT+0000 payyolionline.in

പയ്യോളി: മേലടി ബ്ലോക്കിലെ മികച്ച ഹോംഷോപ്പ് നഗരസഭയായി പയ്യോളി നഗരസഭയെ തെരഞ്ഞെടുത്തു. കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ പതിനേഴാം വാർഷികാഘോഷമായ ‘അത്തപ്പൂമഴ’ വേദിയിൽ വെച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പയ്യോളി സി.ഡി.എസ് ചെയർപേഴ്‌സൺ രമ്യ പി.പി, തിക്കോടി സി.ഡി.എസ് ചെയർപേഴ്‌സൺ ഷാഹിദ പി.പി എന്നിവർ പങ്കെടുത്തു.

ചലച്ചിത്ര താരം പി.പി. കുഞ്ഞികൃഷ്ണൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. നാടകകൃത്ത് പ്രദീപ് കുമാർ കാവുന്തറ മുഖ്യാതിഥിയായിരുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.സി. കവിത, എ. നീതു, (ഡി.പി.എം കോഴിക്കോട് ) , ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൽദാസ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കൽ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. നാസർ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സംബന്ധിച്ചു. ഹോംഷോപ്പ് പദ്ധതി ജില്ലാ കോഡിനേറ്റർ പ്രസാദ് കൈതക്കൽ സ്വാഗതവും ഹോംഷോപ്പ് പദ്ധതി പ്രസിഡന്റ് സതീശൻ സ്വപ്നക്കൂട് നന്ദിയും പറഞ്ഞു. പ്രാദേശിക വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വാർഡുകളിലെ ഹോംഷോപ്പുകൾ വഴി നേരിട്ട് വീടുകളിലെത്തിക്കുന്ന ഈ പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിൽ മാത്രം 1500-ഓളം കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ലഭിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe