യുഎഇയില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചു

news image
Jun 29, 2023, 3:13 am GMT+0000 payyolionline.in

അബുദാബി: യുഎഇയിലെ സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‍കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീല്‍ ഗോള്‍ഡന്‍ വിസകള്‍ നേടിയ  വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു

 

 

സ്‍കൂള്‍ തലത്തിലും സര്‍വകലാശാലാ തലങ്ങളിലും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുമെന്ന് നേരത്തെ തന്നെ യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു. യുഎഇയില്‍ ഇക്കഴിഞ്ഞ വര്‍‍ഷം ഹൈസ്‍കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ക്ക് തുടര്‍ പഠനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും പ്രശസ്തമായ സര്‍വകലാശാലകളിലേക്കുള്ള സ്‍കോളര്‍ഷിപ്പുകളും ലഭ്യമാക്കുമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഹൈസ്‍കൂള്‍ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe