ഗാസ ടെൽ അവീവ് : ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ മരണം 1500 കടന്നു. ഭക്ഷണവും വെള്ളവും ഉൾപ്പെടെ കിട്ടാതെ ഗാസയിലെ ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. മൂന്ന് ദിവസമായി തുടരുന്ന യുദ്ധത്തിൽ ഗാസയിൽ 700 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 3500 ലേറെ പേർക്ക് പരിക്കുണ്ട്. 900ലേറെ ഇസ്രയേൽ സ്വദേശികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 2600 പേർക്ക് പരിക്കേറ്റതായി പറയുന്നു.
ശക്തമായ റോക്കറ്റാക്രമണത്തിൽ ഗാസയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസ കടൽ തീരത്തിനടുത്ത് നിലയുറപ്പിച്ച നാവികസേനയും റോക്കറ്റാക്രമണം നടത്തുണ്ട്. കരയുദ്ധം തുടങ്ങുവാനായി ഒരുലക്ഷം ഇസ്രായേൽ സെെനികരാണ് അതിർത്തിയിൽ തമ്പടിച്ചിട്ടുള്ളത്.ഗാസ പൂർണമായും പിടിച്ചെടുക്കാനാണ് നീക്കം. 3 ലക്ഷം സെെനികർ യുദ്ധമുഖത്തുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതേസമയം ഗാസയിൽ മുന്നറിയിപ്പില്ലാതെ ആക്രമണം തുടർന്നാൽ ബന്ദികളെ പരസ്യമായി വധിക്കുമെന്ന് ഹമാസ് ഭീഷണിമുഴക്കി. 130 ൽ അധികം വരുന്ന ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഹമാസിന്റെ ഭീഷണി. ഗാസ പൂർണമായും പിടിച്ചെടുക്കുമെന്ന് പറഞ്ഞ് സാധാരണക്കാരെ ഉന്നമിട്ട് ഇസ്രയേൽ നടത്തുന്ന സെെനിക ആക്രമണത്തെ ചെറുക്കാനാണ് ബന്ദികളെ വധിക്കുമെന്നുള്ള ഹമാസിന്റെ മുന്നറിയിച്ച് .
അതേസമയം ഹിസ്ബുള്ളക്കെതിതെ ലെബനനിലും ഇസ്രയേൽ ആക്രമണം നടത്തി . ലെബനൻ സായുധസംഘമായ ഹിസ്ബുള്ള വടക്കൻ ഇസ്രയേലിൽ പ്രത്യാക്രമണം നടത്തി. ഇസ്രയേൽ പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ജനങ്ങൾ വലയുകയാണ്.ആശുപത്രകളും പ്രവർത്തനം നിലച്ചനിയിലാണ്. 45000 ൽ അധികം പേർ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥിക്യാമ്പുകളിലേക്ക് മാറി. ഇതിൽ രണ്ട് ക്യാമ്പുകൾ വ്യോമാക്രമണത്തിൽ തകർന്നു.