യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മൊഴിയെടുത്തു

news image
Feb 24, 2025, 9:08 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴയിൽ യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മൊഴിയെടുത്തു. യു പ്രതിഭ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ മൊഴിയാണ് ആലപ്പുഴ എക്സൈസ് അസി. കമ്മീഷണർ അശോക് കുമാർ രേഖപ്പെടുത്തിയത്. ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.

ഡിസംബർ 28നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എം എൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്ഐആർ ഉൾപ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സി പി എം ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

തുടർന്ന് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകി. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം. ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ അശോക് കുമാറിനാണ് അന്വേഷണ ചുമതല. കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. എംഎൽഎയുടെ മകൻ ഉൾപ്പടെ ഉള്ളവരെ പിടികൂടിയ എക്സൈസ് സംഘത്തിലെ ഉദ്യഗസ്ഥരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.

അതേസമയം, എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജിനെ സ്ഥലംമാറ്റിയത് നേരത്തെ തീരുമാനിച്ചപ്രകാരമെന്നായിരുന്നു അന്ന് എക്സൈസിന്റെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe