ന്യൂഡൽഹി: മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീടായിരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗോപാലിനും വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും ഒപ്പം എത്തിയാണ് ദീപാദാസ് മുൻഷി ഇക്കാര്യം പറഞ്ഞത്.
നീണ്ട ചർച്ചയാണ് നടന്നതെന്ന് ദീപാദാസ് മുൻഷി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായി താൻ അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഖർഗെയും രാഹുലുമായി നേതാക്കൾ ഒറ്റയ്ക്ക്, ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും അവർ പറഞ്ഞു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ആരാകുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുൻഷി പറഞ്ഞത്. മുഖ്യമന്ത്രി ചർച്ചകൾക്കിടെ നടന്ന പ്രതിഷേധ പ്രകടനങ്ങളും ദീപാദാസ് മുൻഷി ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങൾ കോൺഗ്രസ് സംസ്കാരത്തിന് എതിരാണെന്ന് ദീപാദാസ് മുൻഷി പറഞ്ഞു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നിർണായക ചർച്ച ആരംഭിച്ചത്. ആദ്യം കെ സി വേണുഗോപാലും തൊട്ടുപിന്നാലെ വി ഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ചർച്ചയ്ക്കായി എത്തി. ആദ്യഘട്ടത്തിൽ കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളോട് മല്ലികാർജുൻ ഖർഗെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ഒറ്റയ്ക്ക് സംസാരിച്ചു. ഇതിന് ശേഷം കെ സി വേണുഗോപാലിനെ നിശ്ചയിച്ചുകൊണ്ടുള്ള നിർദേശം ഹൈക്കമാൻഡ് അവതരിപ്പിക്കുകയാണ് ചെയ്തത്. എംഎൽഎമാരുടെ പിന്തുണയാണ് ഹൈക്കമാൻഡ് പ്രധാനമായും മാനദണ്ഡമാക്കിയത്. സതീശന് അനുകൂലമായ പ്രകടനങ്ങൾ അച്ചടക്ക ലംഘനമെന്നായിരുന്നു ഹൈക്കമാൻഡ് വിലയിരുത്തിയത്. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും പറയാനുള്ളത് നേതാക്കൾ കേട്ടു. ഇതിനിടെ എംഎൽഎമാരുടെ പിന്തുണയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് കെ സി വേണുഗോപാൽ ചർച്ചയിൽ പറഞ്ഞു. എംഎൽഎമാരുടെ വികാരം കേരളത്തിന്റെ വികാരമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചത് നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായാണ്. തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതും വിട്ടു നിന്നതും രാഹുൽ ഗാന്ധി പറഞ്ഞത് പ്രകാരമായിരുന്നുവെന്നും കെ സി പറഞ്ഞു. ഇതിന് ശേഷം രാഹുൽ ഗാന്ധി നേതാക്കളെ പ്രത്യേകം കണ്ടു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ വി ഡി സതീശൻ തന്റെ അതൃപ്തി പ്രകടിപ്പിച്ചു. കെ സിയെ പരിഗണിക്കുകയാണെങ്കിൽ പറവൂർ ഒഴിഞ്ഞു കൊടുക്കാം എന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. ഇതേസമയം സീനിയോരിറ്റി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു രമേശ് ചെന്നിത്തല. സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടാകുമെന്നും രമേശ് ചെന്നിത്തല പ്രതീക്ഷിച്ചു.
ഇതിനിടെ വി ഡി സതീശനെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്ന സാഹചര്യവും ഹൈക്കമാൻഡ് വിലയിരുത്തി. ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങി തീരുമാനം എടുക്കാൻ കഴിയില്ലെന്ന് ഹൈക്കമാൻഡ് പറഞ്ഞു. വഴങ്ങിയാൽ അസാധാരണ സാഹചര്യവും കീഴ്വഴക്കവും സൃഷ്ടിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടാക്കുമെന്നും അവിടെയും കോൺഗ്രസ് വഴങ്ങേണ്ടിവരുമെന്നുമായിരുന്നു ഹൈക്കമാൻഡ് നിലപാട്. ഹൈക്കമാൻഡ് തീരുമാനം കെ സിക്ക് അനുകൂലമെന്ന നിലയിൽ അഭ്യൂഹങ്ങൾ ഉയർന്നതോടെ കേരളത്തിൽ പലയിടങ്ങളിലും വി ഡി പക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇടുക്കി അടിമാലിയിൽ വി ഡി സതീശനായി ഐക്യദാർഢ്യ ധർണ്ണ സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും അടക്കം ഐക്യദാർഢ്യ ധർണ്ണയിൽ പങ്കെടുത്തു. കോഴിക്കോട് ഉള്ള്യേരിയിലും വി ഡി സതീശൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തി. ആറരയോടെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാൽ ആറര കഴിഞ്ഞും ചർച്ച നീണ്ടു. ഒടുവിൽ 7.05 ആയപ്പോൾ നേതാക്കൾ ഖർഗെയുടെ വസതിയിൽ നിന്ന് പുറത്തേക്കിറങ്ങി. തൊട്ടുപിന്നാലെ ദീപാദാസ് മുൻഷി ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
