ജയ്പൂർ∙ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരസ്യ നീക്കവുമായി സച്ചിൻ പൈലറ്റ് രംഗത്ത് വരുന്നത് കോൺഗ്രസിന് തലവേദനയാകുന്നു. സംസ്ഥാനത്തെ അഴിമതിക്കെതിരെ 125 കിലോ മീറ്റർ ‘ജൻ സംഘർഷ് യാത്ര’ നടത്തികൊണ്ടാണ് പുതിയ പോർമുഖം സച്ചിൻ പൈലറ്റ് തുറക്കുന്നത്. ഇന്ന് മുതൽ ആരംഭിക്കുന്ന യാത്ര അഞ്ച് ദിവസം നീണ്ടുനിൽക്കും.
ബിജെപി ഭരണകാലത്തെ അഴിമതി കേസുകളിൽ രാജസ്ഥാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സച്ചിൻ പൈലറ്റ് കഴിഞ്ഞ മാസം ഏകദിന ഉപവാസം നടത്തിയിരുന്നു.
ഇന്ന് അശോക് ഉദ്യാനിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം സച്ചിൻ പൈലറ്റ് ജയ്പൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങും. താൻ നടത്തുന്ന യാത്ര ആർക്കും എതിരില്ലെന്നും അഴിമതിക്ക് എതിരാണെന്നുമാണ് സച്ചിൻ പറയുന്നത്.
ഗെലോട്ടും സച്ചിനും കഴിഞ്ഞ രണ്ട് വർഷത്തിലധികമായി പരസ്യമായ തർക്കത്തിൽ ഏർപ്പെടുന്നത് പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. 2020 ൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഇരുവരും ശ്രമിച്ചിരുന്നു. ഒടുവിൽ ഗെലോട്ടിനാണ് നറുക്ക് വീണത്. അതോടെ പലപ്പോഴും ഗെലോട്ടിനെതിരെ സച്ചിൻ പരസ്യ നിലപാടുകൾ സ്വീകരിച്ചിരുന്നു.
2020 ൽ പാർട്ടിയിലെ കലാപം താൻ വിജയിച്ചത് ബിജെപി നേതാക്കളായ വസുന്ധരരാജെ സിന്ധ്യ, കൈലാഷ് മേഘ്വാൾ തുടങ്ങിയവർ സർക്കാരിനെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കാത്തത് കൊണ്ടാണെന്ന് ഗെലോട്ട് സച്ചിൻ പൈലറ്റിന്റെ പേര് പറയാതെ വിമർശിച്ചതും വലിയ വിവാദമായിരുന്നു.