റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍ അറിയിച്ചു. 300-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ ആഴ്ചയില്‍ മാത്രം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
നാല് സൗദി പൗരന്മാര്, രണ്ട് ബംഗ്ലാദേശി പൗരന്മാര് കൂടാതെ യു.എസ്., ജോര്‍ദാന്‍, ഫലസ്തീന്, സിറിയ, സുഡാന്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് കൊല്ലപ്പെട്ടതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികളെല്ലാം ഇതിനകം തന്നെ നിറഞ്ഞിരിക്കുകയാണ്.
ആക്രമണത്തെതുടര്‍ന്ന് ശനിയാഴ്ച റിയാദില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ‘റിയാദ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടി’ എന്ന് ആക്രമണത്തിന് ശേഷം ഹൂതി മീഡിയ ഓഫീസ് മേധാവി എക്സില്‍ കുറിച്ചു. സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ഹൂതികള്‍ക്കെതിരെ ആക്രമണം ആരംഭിച്ചതോടെ വിമാനങ്ങള്‍ സൗദി വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കണമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ മുന്നറിയിപ്പില്ലാതെ നടക്കുന്ന ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ഈ ആഴ്ചയുണ്ടായ മറ്റു രണ്ട് ആക്രമണങ്ങളില്‍ നാല് പേര് കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി. രാവിലെ 9.55-ന് പുറപ്പെടേണ്ട സൗദി എയർലൈൻസിന്റെ SV713 ഫ്ലൈറ്റും, രാവിലെ 9.10-ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ് എയർലൈൻസിന്റെ XY 328 വിമാനവും റദ്ദാക്കിയതായി അറിയിപ്പുണ്ട്. കൂടാതെ രാത്രി 8.15-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX 321 ഉം റദ്ദാക്കിയ സർവീസുകളിൽ ഉൾപ്പെടുന്നു.
