ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെ ഏക സിവില്‍ കോഡ് വിഷയം വീണ്ടും ഉയര്‍ത്തുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നും ഭരണഘടന വിഭാവനം ചെയ്യുന്നതാണ് ഏക സിവില്‍ കോഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടുന്നു. ഏക സിവില്‍ കോഡ് ഭരണഘടന വിഭാവനം ചെയ്തതാണ്. നിയമനിര്‍മാണം നടപ്പാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഈ നാട് എങ്ങനെ രണ്ട് നിയമങ്ങളില്‍ നടക്കുമെന്നും മുസ്ലിംകളെ പ്രകോപിപ്പിക്കാന്‍ ഏക സിവില്‍ കോഡില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
മോദി ഭരണത്തിന്റെ ആദ്യ ടേം അവസാനിക്കുന്ന ഘട്ടത്തില്‍, 2018ലാണ് ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. 2022ല്‍ അയോധ്യ രാമക്ഷേത്രത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370നും രാമക്ഷേത്രത്തിനും ശേഷം ബിജെപി 2024ലേക്കുള്ള വഴിയായി ഉന്നം വയ്ക്കുന്ന കേന്ദ്രബിന്ദുവാണ് ഏക സിവില്‍ കോഡ് നടപ്പിലാക്കല്‍. കഴിഞ്ഞയാഴ്ച ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മതസംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി 21ാം നിയമകമ്മിഷന്‍ ഉത്തരവിറക്കുകയും ചെയ്തു.
അന്താരാഷ്ട്രതലത്തില്‍ ഏക സിവില്‍ കോഡ് വിഷയം വിവാദമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യപ്പെടാത്തതുകൊണ്ടുതന്നെ സെപ്തംബറില്‍ ജി20 രാജ്യങ്ങളുമായുള്ള വിവിധ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ വേഗത്തിലൊരു നടപടി എടുത്തേക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കിട്ടുന്ന അവസാന അവസരം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനമായിരിക്കും. ഈ സമയം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്യും. ഒരുവശത്ത് ഡിസംബറോടെ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ എതിര്‍ത്ത് മിസോറാം ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു.
ആദിവാസി സമൂഹത്തിന്റെ എതിര്‍പ്പ്
മണിപ്പൂരിലെ വംശീയ കലാപം കൂടി കണക്കിലെടുത്ത് ഗോത്രവര്‍ഗത്തിന്റെ വികാര എതിരാക്കുന്ന ഒരു നീക്കത്തിനും കേന്ദ്രം മുന്‍കൈ എടുക്കാന്‍ സാധ്യതയില്ല. ഏകീകൃത സിവില്‍ കോഡ് ആദിവാസി ആചാര നിയമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് ജാര്‍ഖണ്ഡിലെ 30 ഓളം ആദിവാസി സംഘടനകളും ഭയം പ്രകടിപ്പിച്ചിട്ടുണ്ട്.. സിവില്‍ കോഡിനെ കുറിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ നിയമകമ്മിഷന്‍ വിവരങ്ങള്‍ തേടിയതിന് പിന്നാലെയായിരുന്നു ഈ എതിര്‍പ്പ്. നിലവില്‍ വിഷയം ചൂണ്ടിക്കാട്ടി നിയമകമ്മിഷന് കത്തുനല്‍കാനാണ് ആദിവാസി സംഘടനകളുടെ നീക്കം. ഛോട്ടാനാഗ്പൂര്‍ ടെനന്‍സി ആക്ട്, സന്താല്‍ പര്‍ഗാന ടെനന്‍സി ആക്ട് എന്നിവയുള്‍പ്പെടെയുള്ള നിയമങ്ങള്‍ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടിയുണ്ട്. ആദിവാസികള്‍ക്ക് അവരുടേതായ വിവാഹ, വിവാഹമോചന നിയമങ്ങളും നിലവിലുണ്ട്. ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നാല്‍ ഈ നിയമങ്ങളെല്ലാം ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത്. ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായതോടെ താത്ക്കാലികമായെങ്കിലും ആ നീക്കം കര്‍ണാടകയിലും നിന്നു. നിലവില്‍ ഗോവ മാത്രമാണ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയ ഏക സംസ്ഥാനം. മധ്യപ്രദേശ്, അസം, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം ഏകീകൃത സിവില്‍ കോഡിനോട് പച്ചക്കൊടി കാണിക്കുകയും ചെയ്തിട്ടുണ്ട്.
ഏക സിവില്‍ കോഡ് കൊണ്ട് അര്‍ത്ഥമാക്കുന്നത്?
മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമായി ബാധകമാകുന്ന തരത്തില്‍ വ്യക്തികളുടെ നിയമങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിര്‍ദേശമാണ് ഏക സിവില്‍ കോഡ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 44 അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാം. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ മതങ്ങളിലെയും വ്യക്തിനിയമങ്ങള്‍ക്ക് പകരം ഒരു ഏകീകൃത നിയമം ഉണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
എന്തുകൊണ്ട് ഏകീകൃത സിവില്‍ കോഡ് എതിര്‍ക്കപ്പെടുന്നു?
വൈവിധ്യങ്ങളാല്‍ ജീവിക്കുന്ന ജനതയുടെ നാടാണ് ഇന്ത്യ. ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാലാക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് നിയമത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായാണ് ബിജെപി ഏക സിവില്‍ കോഡിലൂടെ ഉയര്‍ത്തുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. മറുവശത്ത് രാജ്യത്തെ ഒന്നിപ്പിക്കുന്ന നിയമം എന്ന നിലയില്‍ ഒരു വിഭാഗം ഏക സിവില്‍ കോഡിനെ അനുകൂലിച്ച് വാദങ്ങളുയര്‍ത്തുന്നു. സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കുമുള്‍പ്പെടെ ലിംഗസമത്വം ഉറപ്പാക്കുമെന്നുമാണ് ഇക്കൂട്ടരുടെ വാദം.
ഏക സിവില്‍ കോഡിനെ കുറിച്ച് സുപ്രിംകോടതി
സുപ്രിം കോടതിയുടെ വിവിധ വിധികളില്‍, പല കാലഘട്ടങ്ങളിലായി ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1985 ലെ മുഹമ്മദ് അഹമ്മദ് ഖാന്‍- ഷബാനു ബീഗം വിധിന്യായത്തില്‍ ഇത് വ്യക്തമാണ്. ഷബാനു ബീഗം കേസില്‍ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് മുന്‍ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയുണ്ടായി. ഈ ഉത്തരവില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത സുപ്രിംകോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. പിന്നീട് 1995ലെ സരള മുദ്ഗല്‍ വിധിയിലും 2019ലെ പൗലോ കുട്ടീഞ്ഞോ – മരിയ ലൂയിസ വാലന്റീന പെരേര കേസിലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിക്കുകയുണ്ടായി. ഏതായാലും ഏകീകൃത സിവില്‍ കോഡ് തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട എന്ന വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഒടുവിലത്തെ പ്രസ്താവന.