ഇരിങ്ങൽ: “ലഹരിക്കെതിരെ ഒന്നിക്കാം, നന്മയുടെ നാളേക്കായി കൈകോർക്കാം” എന്ന ആഹ്വനവുമായി ലോക ലഹരിവിരുദ്ധ ദിനത്തിൽ വേറിട്ട ബോധവൽക്കരണ സംഗമവുമായി കോട്ടക്കൽ മഹല്ല് കമ്മിറ്റി. വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോട്ടക്കൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു.കോട്ടക്കൽ ജങ്ഷനിൽ വെച്ച് നടന്ന ഐക്യദാർഢ്യ സംഗമം പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഗമത്തിൽ പയ്യോളി പോലീസ് സബ് ഇൻസ്പെക്ടർ ആനന്ദുകൃഷ്ണൻ ലഹരിവിരുദ്ധ സന്ദേശം നൽകി. ഷബീർ റഹ്മാനി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

യുവതലമുറയെയും കുടുംബങ്ങളെയും ഒരുപോലെ വിഴുങ്ങുന്ന ലഹരി ഉപയോഗം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് സംഗമം വിലയിരുത്തി. ഈ വിപത്തിൽ നിന്ന് നാടിനെയും യുവാക്കളെയും സംരക്ഷിക്കാൻ ശക്തമായ സാമൂഹിക ബോധവൽക്കരണം അനിവാര്യമാണെന്നും, ലഹരിക്കെതിരെ പൊതുസമൂഹം ഒന്നിച്ച് അണിനിരന്ന് പ്രതിരോധം തീർക്കണമെന്നും ചടങ്ങിൽ ആഹ്വാനം ചെയ്തു.

മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി.പി. സദക്കത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൈസൽ അസ്ഹരി ആമുഖ ഭാഷണം നടത്തി. സീനിയർ വൈസ് പ്രസിഡന്റ് പി. ഹാഷിം, മറ്റ് ഭാരവാഹികളായ ടി.എം. ഫസൽ, ജലാൽ ബിസ്മില്ല, ഫൈസൽ, ഹനീഫ, അബ്ദുറഹ്മാൻ മൗലവി, ഉതിരുമ്മൽ അബ്ദുറഹ്മാൻ, ഹിഷാം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി അഡ്വ. അജ്മൽ ഷറഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി.എം. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

