വടകരയിലെ സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

news image
Apr 18, 2025, 11:02 am GMT+0000 payyolionline.in

വടകര: വടകരയിലെ സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വടകര ടൗൺഹാളിന് സമീപമുള്ള ഓറഞ്ച് സൂപ്പർമാർക്കറ്റിലെ ലിഫ്റ്റ് ആണ്  തകരാറിലായത്.   ഇന്ന് ഉച്ചയ്ക്ക് 12:40ന്നായിരുന്നു സംഭവം.  ജയേഷ് വി.എം (നാരായണ നഗർ), വിനോദ് (അറക്കിലാട്), സിബി (പഴങ്കാവ്), മുരളീധരൻ (പതിയാരക്കര), ജഗന്നാഥൻ (ഇരിങ്ങൽ) എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.

തകരാറായ ലിഫ്റ്റിൽ കുടുങ്ങിയ ഉടനെ തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. സൂപർ മാർക്കറ്റിലെ ജീവനക്കാരൻ ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയമായി. ഉടൻ മുരളീധരൻ വടകര ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടു.

മിനിറ്റുകൾക്കുള്ളിൽ വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ലിഫ്റ്റിന്റെ പവർ ഓഫ് ചെയ്ത്, കീ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ഡോർ തുറന്ന്, അഞ്ച് പേരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുകയായിരുന്നു.

അഞ്ച് പേർ ഒന്നിച്ച് ലിഫ്റ്റിൽ അകപ്പെട്ടതിനാൽ അല്പസമയം കൊണ്ട് തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു . കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടന്നതിനാൽ ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കളായ അഞ്ചുപേരും . വടകര അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷിൻ്റെ നേതൃത്വത്തിൽ റാഷിദ് എം ടി , മനോജ് കിഴക്കേക്കര , ഷിജേഷ് ടി , സിബിഷാൽ പി ടി , സഹീർ പി എം , സാരംഗ് എസ് ആർ സന്തോഷ് കെ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe