വടകര: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസിന് മറ്റ് എംഡിഎംഎ സംഘങ്ങളുമായും ബന്ധം. പയ്യോളി സ്റ്റേഷനിൽ മേയ് 20-ന് രജിസ്റ്റർചെയ്ത എംഡിഎംഎ കേസിലെ പ്രതി പണം അയച്ചുനൽകിയത് ജിജിലിനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ജിജിലിനെ ഈ കേസിലും പ്രതിചേർത്തുകൊണ്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ വൈകാതെതന്നെ കോടതിയുടെ അനുമതിപ്രകാരം ജിജിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പയ്യോളി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
മേയ് 20-ന് പുലർച്ചെ 12.15-ന് തുറശ്ശേരിക്കടവിലെ തെക്കെ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ (26) 13.56 എംഡിഎംഎയുമായാണ് പയ്യോളി പോലീസ് പിടികൂടിയത്. 19-ന് രാത്രി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇർഫാന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കട്ടിലിനടിയിലെ പഴ്സിൽ സൂക്ഷിച്ച എംഡിഎംഎ പിടികൂടിയത്. ഈ കേസിലാണ് ജിജിലിനെ കൂട്ടുപ്രതിയാക്കിയത്. ജിജിലിന് പണം അയച്ചതിനെത്തുടർന്നാണ് ഇർഫാന് എംഡിഎംഎ കിട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പണം അയച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ജിജിലിന്റെ അക്കൗണ്ട് പോലീസ് പരിശോധിച്ചപ്പോൾ ഒരു വർഷത്തിനിടെ ഏതാണ്ട് ഒരുകോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ ഭൂരിഭാഗവും എംഡിഎംഎയ്ക്ക് വേണ്ടിയാണെന്നാണ് കണ്ടെത്തൽ. വടകരയിൽ അറസ്റ്റിലായ കീർത്തന, കാവ്യ, നീഷ്മ എന്നിവരുമായും ജിജിലിന് പണമിടപാട് ഉണ്ടായിരുന്നു.
ഇതേപോലെ ഒട്ടേറെപ്പേർ ജിജിലുമായി ഇടപാട് നടത്തിയിട്ടുണ്ട്. അതിലൊരു ഇടപാട് മാത്രമാണ് പയ്യോളിയിലേതെന്നാണ് പോലീസ് നിഗമനം. അടുത്തിടെ എംഡിഎംഎ പിടികൂടിയ കേസുകളിലെല്ലാം പോലീസ് തുടരന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
എവിടെനിന്ന് എംഡിഎംഎ കിട്ടി, ആർക്ക് പണമയച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ കേസുകൾക്ക് വടകര എംഡിഎംഎ കേസിലെ പ്രതികളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഷിന്റോയെ ജിജിൽ പരിചയപ്പെടുന്നത് പഠനകാലത്ത്
ജിജിലും വയനാട് സ്വദേശി ഷിന്റോയും മംഗളൂരുവിൽ പഠിക്കുന്ന കാലത്താണ് പരിചയപ്പെടുന്നത്. രണ്ടുപേരും ഒരു കോഴ്സല്ല പഠിച്ചതെങ്കിലും സുഹൃത്തുക്കളായിരുന്നു. എംഡിഎംഎ ഇടപാടിലേക്ക് എത്തുന്നതും പഠനകാലത്താണ്. പഠനശേഷവും അത് തുടർന്നു. ഷിന്റോ ഇടയ്ക്കുവെച്ച് പഠനം നിർത്താൻ കാരണമായതും എംഡിഎംഎയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നാണ് പോലീസിന് കിട്ടിയ വിവരം.
