കൊയിലാണ്ടി: വയനാട് ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടമായവർക്ക് പുനരധിവാസത്തിനായി എൻഎസ്എസ് നിർമ്മിച്ചു നൽകുന്ന 150 വീടിനായി ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ 25,000 രൂപ സംഭാവന ചെയ്തു. സ്ക്രാപ്പ് ചാലഞ്ച്, സ്കൂളിൽ ഫുഡ് ഫെസ്റ്റ്, വിശേഷ ദിവസങ്ങളിൽ തട്ടുകട എന്നിവ നടത്തി സമാഹരിച്ച തുകയാണ് എൻഎസ്എസ് യൂണിറ്റ് സംഭാവന ചെയ്തത്.
അതോടൊപ്പം, എൻഎസ്എസിന്റെ കർമ്മപദ്ധതിയായ “ഉപജീവനം” പദ്ധതിയുടെ ഭാഗമായി, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 38-ാം വാർഡിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് ജീവിക്കാനായുള്ള സഹായമായി ഒരു തയ്യൽ മെഷീൻ നൽകുകയും ചെയ്തു.
സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ആർ. എൻ. അൻസാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ, പി. ടി. എ. പ്രസിഡന്റ് സത്താർ കെ. കെ. അധ്യക്ഷനായി. റീജണൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീചിത്ത് എസ്., കൊയിലാണ്ടി ക്ലസ്റ്റർ കോഡിനേറ്റർ കെ. പി. അനിൽകുമാർ, വടകര ക്ലസ്റ്റർ കോഡിനേറ്റർ ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ എം. പി. ടി. എ. ചെയർപേഴ്സൺ ജെദീറ ഫർസാന, എം. പി. ടി. എ. വൈസ് ചെയർപേഴ്സൺ ജസീറ, പി. ടി. എ. അംഗം മുനീർ, NSS ലീഡർ നവനീത, പ്രോഗ്രാം ഓഫീസർ ഫൗസിയ എന്നിവർ പങ്കെടുത്തു.