വിലങ്ങാട് മലയങ്ങാട് പുഴയിൽ നടക്കുന്ന സംരക്ഷണഭിത്തി നിർമാണം സുരക്ഷിതമല്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. വാണിമേൽ-വിലങ്ങാട് പ്രധാന പാതയിൽ പെട്രോൾ പമ്പിന് മുൻവശത്തായി നടക്കുന്ന പ്രവൃത്തികളാണ് അശാസ്ത്രീയമെന്ന ആക്ഷേപം ഉയർത്തുന്നത്. പുഴയിലെ കല്ലുകളും പൊടിക്കല്ലുകളും ഉപയോഗിച്ച് കെട്ടി വലകൊണ്ട് പൊതിയുന്ന രീതിയിലാണ് നിലവിൽ നിർമാണം പുരോഗമിക്കുന്നത്.
മഴക്കാലത്ത് അതിശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകാറുള്ള ഈ പുഴയിൽ, നിർമാണം നടക്കുന്ന ഭാഗത്തെ വലിയ വളവ് ഭീഷണിയുയർത്തുന്നു. വെള്ളം നേരിട്ട് വന്ന് ഭിത്തിയിൽ അടിക്കാൻ സാധ്യതയുള്ളതിനാൽ നിലവിലെ നിർമാണരീതി ഫലപ്രദമാകില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മുൻപ് ഉരുട്ടിപ്പാലത്തിന്റെ അനുബന്ധ റോഡ് തകർന്നപ്പോഴും നിർമാണത്തിലെ അപാകം അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ഉരുൾപൊട്ടൽ സമയത്ത് ഈ ഭാഗത്ത് വെള്ളം കയറി നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.
നാലു തൊഴിലാളികളെ മാത്രം വെച്ച് ഇഴഞ്ഞുനീങ്ങുന്ന നിർമാണം കാരണം ഈ വഴിയുള്ള യാത്രയും ദുഷ്കരമാണ്. റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് ക്വാറിവേസ്റ്റ് എങ്കിലും വിതറി യാത്ര സുഗമമാക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. പ്രധാന പാതയായതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അടുത്ത മഴക്കാലത്തിന് മുൻപായി ശാസ്ത്രീയമായ രീതിയിൽ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശം.
