അരിക്കുളം: മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് അരിക്കുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കുരുടിമുക്ക് ടൗണിൽ പ്രസിഡന്റ് പി.പി. രമണി നിർവ്വഹിച്ചു.
പഞ്ചായത്തിലെ 15 വാർഡുകളിലും ഒരേസമയം പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മഴക്കാലത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ളതിനാൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും പൊതുവിടങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫിൻസി എം.ഡി. അറിയിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി. ബാലകൃഷ്ണൻ , പഞ്ചായത്ത് പ്രതിനിധികളായ ബിന്ദു എൻ.പി., സജിത എളമ്പിലാട്, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ നാസർ, ജൂനിയർ എച്ച്.ഐ. ശ്രീലേഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പവിത്രൻ, വ്യാപാര പ്രതിനിധി മുഹമ്മദ് മക്കായി, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
