വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു; നടി ദീപയുടെ മരണകാരണം പ്രണയനൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പ്‌

news image
Sep 20, 2022, 6:23 am GMT+0000 payyolionline.in

ചെന്നൈ∙: പ്രമുഖ തമിഴ് നടി ദീപയെ (പോളിൻ ജെസീക്ക–29) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നതായി പൊലീസ്. ദീപയുടെ ഫ്ലാറ്റിൽ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്ലാറ്റിലെത്തിയത്.

 

പ്രണയനൈരാശ്യത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച് ദീപ എഴുതിയ ആത്മഹത്യക്കുറിപ്പു പൊലീസിനു ലഭിച്ചിരുന്നു. മാതാപിതാക്കൾ വിവാഹത്തിനു നിർബന്ധിച്ചതിനെ തുടർന്ന് ദീപ മാനസികസമ്മർദത്തിലായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദീപയെ ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്ലാറ്റിലാണ് ഞാ‍യറാഴ്ച തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോളിൻ ജെസീക്ക എന്നാണ് യഥാർഥ പേര്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘വൈദ’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പർഹിറ്റ് ചിത്രം ‘തുപ്പരിവാളൻ’ ഉൾപ്പെടെയുള്ള തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

അയൽവാസികളാണ് നടിയെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് പൊലീസിൽ അറിയിച്ചത്. തുടർന്നു കോയമ്പേട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് താരത്തിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയും മൃതദേഹം ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe