സിൽവർ ലൈൻ പദ്ധതി വൻതോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കുമെന്ന് സമ്മതിച്ച് എൽ.ഡി.എഫ് സർക്കാർ. പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുത്താൽ ജനങ്ങളുടെ ജീവനോപാധികൾ നഷ്ടമാകുമെന്നും സമ്മതിക്കുന്നുണ്ട്. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് കുറ്റസമ്മതം.
ഭരണം തീരാറായപ്പോഴാണ് സിൽവർ ലൈൻ പദ്ധതി ദോഷകരമാകുമെന്ന് പിണറായി സർക്കാരിന് തിരിച്ചറിവുണ്ടായത്. സിൽവർ ലൈനിന് പകരം റാപ്പിഡ് റെയിൽ സിസ്റ്റം നടപ്പിലാക്കാൻ സാധ്യതാ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ദോഷഫലങ്ങളെ കുറിച്ച് പറയുന്നത്. സിൽവർ ലൈൻ പദ്ധതി വന്നാൽ സംഭവിക്കാവുന്ന ദൂഷ്യങ്ങളെ കുറിച്ച് റിപ്പോർട്ടിൽ എണ്ണിയെണ്ണി പറയുന്നുണ്ട്. വലിയ തോതിലുളള കുടിയൊഴിപ്പിക്കൽ വേണ്ടി വരും, ഭൂമി ഏറ്റെടുക്കുമ്പോൾ ജനങ്ങളുടെ ജീവനോപാധികൾ നഷ്ടമാകും. പദ്ധതി 10000 കുടുംബങ്ങളെ ബാധിക്കും,പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ വലിയ ആഘാതമുണ്ടാക്കും, റെയിൽവെയിൽ നിന്നുളള എതിർപ്പ്, പൊതജനങ്ങളുടെ എതിർപ്പ് എന്നിവയാണ് സിൽവർ ലൈൻ പദ്ധതിമൂലം സംഭവിക്കുന്ന ദോഷവശങ്ങളെന്നാണ് സർക്കാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സിൽവർ ലൈൻ പദ്ധതിക്ക് കെറെയിൽ കണക്കാക്കിയ ചെലവ് 63940 കോടിയാണെങ്കിലും നീതി ആയോഗിന്റെ കണക്കിൽ ചെലവ് 1.26ലക്ഷം കോടിയാണെന്നും റിപ്പോർട്ടിലുണ്ട്.സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനം ഏമ്പാടും പ്രതിഷേധ സമരങ്ങൾ നടന്നപ്പോൾ സർക്കാർ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമാണ് ഇത്. സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചതിനൊപ്പം ഗുണഗണങ്ങൾ വിശദീകരിച്ച് ബദൽ കാമ്പയിനും സംഘടിപ്പിച്ചിരുന്നു. എന്നാൽ അന്ന് പറഞ്ഞതെല്ലാം തെറ്റായിരുന്നു എന്ന കുറ്റസമ്മതമാണ് ഭരണത്തിന്റെ അവസാനകാലത്തെ റിപോർട്ടിലുളളത്.
