തിരുവനന്തപുരം:ചൂടിന് പുറമെ വൈദ്യുതി പ്രതിസന്ധിയും തുടരുന്നതോടെ സംസ്ഥാനത്ത് ജനജീവിതം ദുരിതത്തിൽ. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ കെഎസ്ഇബിയും വൈദ്യുതി വകുപ്പും. പവർ എക്സ്ചേഞ്ചിൽ നിന്ന് അധികം വൈകാതെ വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.
പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപഭോഗം 5400 മെഗാ വാട്ട് കടന്നതോടെ നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ എത്തി. ഈ മാസം 30 വരെ വൈകിട്ട് 6 .15 മുതൽ രാത്രി 12 മുക്കാൽ വരെ നിയന്ത്രണം ഉണ്ടാകും. മുൻകൂട്ടി വൈദ്യുതി നിയന്ത്രണത്തിന്റെ സമയം അറിയിക്കുന്നുണ്ടെങ്കിലും പലതവണ കറന്റ് പോകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.കൈമാറ്റ കരാർ പ്രകാരമുള്ള 200 മെഗാ വാട്ട് മധ്യപ്രദേശിൽ നിന്ന് ലഭിക്കാത്തതും തിരിച്ചടി ഇരട്ടിയാക്കി. ഗ്രിഡ് ഫ്രീക്വൻസിയിലും കുറവ് നേരിടുന്നു.
ദേശീയതലത്തിൽ 12,000 മെഗാ വാട്ടിന്റെ കുറവ് തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗത്തിൽ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. എസിയും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന് അഭ്യർത്ഥന ആവർത്തിക്കുകയാണ് കെഎസ്ഇബി.
