തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ട് 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഭരണമാറ്റത്തിന്റെ ഭാഗമായാണ് ഈ സമഗ്രമായ മാറ്റം. ഇന്നലെ അർധരാത്രിയോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ അധികാരമേറ്റതിന് പിന്നാലെ എഡിജിപി, ഐജി, ഡിഐജി തുടങ്ങിയ ഐപിഎസ് തലങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും സ്റ്റേഷൻ പ്രവർത്തനങ്ങളെ നേരിട്ട് നിയന്ത്രിക്കുന്ന ഡിവൈഎസ്പി പദവികളിൽ മാറ്റം വൈകുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ഈ നിർണായക നടപടി.
പ്രധാന മാറ്റങ്ങളിൽ ബൈജു പൗലോസിനെ ആലുവ ഡിവൈഎസ്പിയായും പി.എം. മനോജിനെ നാദാപുരം ഡിവൈഎസ്പിയായും നിയമിച്ചു. പി.കെ. മണി പയ്യന്നൂർ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടനെ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും, കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെ മർദ്ദിച്ച കേസിൽ ആരോപണവിധേയനായ എൻ. സുനിൽകുമാറിനെ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും സ്ഥലം മാറ്റിയിട്ടുണ്ട്.
