സൗദി അറേബ്യയിൽ വ്യാപക മഴ; പേമാരിയിൽ മുങ്ങി ജിദ്ദ, മക്ക നഗരങ്ങൾ

news image
Sep 4, 2024, 1:21 pm GMT+0000 payyolionline.in

റിയാദ്: സൗദി അറേബ്യയിൽ വ്യാപക മഴ. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിലും മക്കയിലുമുണ്ടായ പേമാരിയിൽ തെരുവുകളടക്കം വെള്ളത്തിൽ മുങ്ങി. ജിദ്ദയിൽ സമീപകാലത്തൊന്നും അനുഭവപ്പെടാത്ത രീതിയിലുള്ള ശക്തമായ കാറ്റോടെയും ഇടിയോടെയുമാണ് മഴ എത്തിയത്. നഗരത്തിെൻറ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ വിവിധ റോഡുകളിൽ വെള്ളംകെട്ടിക്കിടന്നു ഗതാഗതം സ്തംഭിച്ചു. ഫലസ്തീന്‍ റോഡും പ്രിന്‍സ് മാജിദ് റോഡും തമ്മിൽ സന്ധിക്കുന്ന പ്രദേശത്തെ അടിപ്പാതയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് അടച്ചിട്ടു.

മറ്റ് പല റോഡുകളിലും വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങൾ തിരിച്ചുവിട്ടു. രാത്രി എട്ടോടെ അപ്രതീക്ഷിതമായെത്തിയ മഴയിൽ നിരവധി പേർ റോഡുകളിൽ കുടുങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് ആളുകൾ തങ്ങളുടെ താമസസ്ഥലങ്ങളിൽ എത്തിയത്. ഇടിമിന്നലിെൻറ പിണറുകൾ വലിയ പ്രകാശത്തോടെ ഭൂമിയിൽ പതിക്കുന്നത് കാണാനും മഴ ആസ്വദിക്കാനുമായി നിരവധി സ്വദേശി കുടുംബങ്ങൾ റോഡുകളിലും മറ്റുമായി ഇറങ്ങിനിന്നിരുന്നു.

മക്കയിലും അതിശക്തമായ മഴയാണ് തിങ്കളാഴ്ച പെയ്തത്. ശക്തമായ മഴ വകവെക്കാതെ ഹറമില്‍ വിശ്വാസികൾ ഉംറ നിർവഹിക്കുന്നതും നമസ്കരിക്കുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മക്കയിലെ ചില പ്രദേശങ്ങളിൽ ഇടിയും ആലിപ്പഴവർഷവും ഉണ്ടായി.

ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലുമുണ്ടായി. ഖുന്‍ഫുദക്കടുത്തുള്ള ചില പ്രദേശങ്ങളില്‍ മഴ കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ജിദ്ദ, മക്ക, ബഹ്‌റ, അല്‍ കാമില്‍, ജുമൂം, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. റോഡുകളിലെ വെള്ളക്കെട്ടുകൾ കാരണം വിവിധ കമ്പനികളിൽ എത്തേണ്ട ജോലിക്കാർ താമസിച്ചാണ് ജോലിക്ക് ഹാജരായത്. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe