അങ്കാര: തലസ്ഥാനമായ അങ്കാറയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ) യാണെന്ന് തുർക്കി. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നടന്ന നടുക്കുന്ന ഭീകരാക്രമണത്തിൽ 5 പേർക്ക് ജീവൻ നഷ്ടമാകുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുർക്കിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അലി യെർലികായ സംഭവത്തിൽ ശക്തായ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ അങ്കാറ ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയാണെന്ന് വ്യക്തമാക്കി തുർക്കി തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്. ഇറാഖിലെയും സിറിയയിലെയും കുർദിഷ് ശക്തികേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി. ഭീകരാക്രമണങ്ങളെ നേരിടാൻ ലോകം ഒപ്പം നിൽക്കണമെന്നും തുർക്കി അഭ്യർഥിച്ചിട്ടുണ്ട്. വടക്കൻ ഇറാഖിലെയും സിറിയയിലെയും കുർദിഷ് കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയെന്നും തുർക്കി വ്യക്തമാക്കി. പതിറ്റാണ്ടുകളായി തുർക്കിയിൽ കലാപത്തിന് ശ്രമിക്കുന്ന വിഘടനവാദി ഗ്രൂപ്പായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി ബന്ധപ്പെട്ട 32 കേന്ദ്രങ്ങൾ വ്യോമസേന തകർത്തതായും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.