അടിച്ച് മുഖം പൊളിച്ചു, ആസിഡ് ആക്രമണത്തിന് ശ്രമിച്ചു: ക്രൂരമായ ആക്രമണത്തെക്കുറിച്ച് നടന്‍ മോഹന്‍ ശര്‍മ്മ

news image
Sep 30, 2023, 9:14 am GMT+0000 payyolionline.in

ചെന്നൈ: ക്രൂരമായ ആക്രമണം നേരിട്ടതായി മുതിര്‍ന്ന നടന്‍ മോഹന്‍ ശര്‍മ്മ. തെന്നിന്ത്യന്‍ സിനിമയില്‍ നായകനായി ഒരുകാലത്ത് തിളങ്ങിയ മോഹന്‍ ശര്‍മ്മ പിന്നീട് മുതിര്‍ന്ന റോളുകളിലും വില്ലന്‍ റോളുകളിലും വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈയിലാണ് ഇദ്ദേഹം സ്ഥിര താമസം. ചൊവ്വാഴ്ചയാണ് ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്‍റെ വസതിയിലേക്ക് മടങ്ങിവരവെ മോഹന്‍ ശര്‍മ്മ ആക്രമിക്കപ്പെട്ടത്.

ഇദ്ദേഹത്തിന്‍റെ മൂക്കിന് അടക്കം സാരമായ പരിക്ക് പറ്റിയുണ്ടെന്നാണ് വിവരം. ഇദ്ദേഹത്തെ കിലാപുക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങിയ മോഹന്‍ ശര്‍മ്മ തുടര്‍ന്ന് സംഭവം സംബന്ധിച്ച് ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇതില്‍ സംഭവത്തെക്കുറിച്ച് വിശദമായി തന്നെ അദ്ദേഹം പറയുന്നുണ്ട്.

 

 

മോഹന്‍ ശര്‍മ്മയുടെ പേരില്‍ ചെന്നൈ പോയിസ് ഗാര്‍ഡനിലുള്ള വീട് അടുത്തിടെ വിറ്റിരുന്നു. ഒരു ബ്രോക്കര്‍ വഴിയാണ് വിറ്റത്. എന്നാല്‍ വില്‍പ്പനയ്ക്ക് പിന്നാലെ ഈ ബ്രോക്കര്‍ വീടിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ താമസം തുടങ്ങിയെന്ന് മോഹന്‍ അറിഞ്ഞു. അത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക് തര്‍ക്കം നടന്നിരുന്നു.

 

 

അതിന് പിന്നാലെ മോഹന്‍ കേസ് കൊടുത്തിരുന്നു. അതിന്‍റെ പേരില്‍ ഈ ബ്രോക്കര്‍ മോഹനെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കാറില്‍ നിന്നും പിടിച്ചിറക്കി ബ്രോക്കര്‍ നിയോഗിച്ച ഗുണ്ടകള്‍ ആക്രമിച്ചുവെന്നാണ് മോഹന്‍ പറയുന്നത്. തന്‍റെ മുഖം അടിച്ചു പൊളിച്ചെന്നും  ആസിഡ് ആക്രമണത്തിന് ശ്രമിച്ചുവെന്നും മോഹന്‍ പറയുന്നു.

 

മോഹന്‍റെ പരാതിയില്‍ പൊലീസ് വധശ്രമത്തിന് അടക്കം കേസ് എടുത്തിട്ടുണ്ട്. ബ്രോക്കര്‍ അടക്കം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. തമിഴില്‍ സീരിയല്‍ രംഗത്ത് ഇപ്പോള്‍ സജീവമാണ് മോഹന്‍ ശര്‍മ്മ. താലാട്ട് എന്ന ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തുന്ന സീരിയില്‍ തമിഴ്നാട്ടില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe