അടുത്ത തവണയും എൻഡിഎ സർക്കാർ, താൻ തന്നെ നയിക്കുമെന്ന് പ്രധാനമന്ത്രി മോദി

news image
Jul 26, 2023, 5:01 pm GMT+0000 payyolionline.in

ദില്ലി: അടുത്ത എൻഡിഎ സർക്കാരിനെയും താൻ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻറെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാർ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. ഇന്ത്യയിൽ വിപ്ലവകരമായ മാറ്റം നടക്കുന്നുവെന്നും മോദി പറഞ്ഞു. ദില്ലിയിൽ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണിത്. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി പങ്കുവച്ചത്. അതേസമയം പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ തുടരുന്ന മൗനം വിമർശിച്ച് മുന്നോട്ട് പോവുകയാണ് ഐക്യ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ.

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തിൽ അടുത്തയാഴ്ച ചർച്ച നടക്കും. ഇന്ത്യ സഖ്യം നൽകിയ നോട്ടീസിന് ബിആർഎസും പിന്തുണ നൽകിയിട്ടുണ്ട്. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആർഎസ് എംപി നമോ നാഗേശ്വർ റാവു എന്നിവരാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പന്ത്രണ്ട് മണിക്ക് സഭ ചേർന്നപ്പോൾ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗണിച്ചത്. നോട്ടീസ് അംഗീകരിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിച്ച സ്പീക്കർ ചർച്ചയ്ക്കുള്ള തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി.

അടുത്തയാഴ്ച ചർച്ചയ്ക്ക് തയ്യാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചു. പ്രതിപക്ഷ സഖ്യത്തിൻറെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞു. രാഹുൽ ഗാന്ധിയും സഭയിൽ ഇല്ലാത്ത പശ്ചാത്തലത്തിൽ അവിശ്വാസ ചർച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം കൈക്കൊണ്ടു. പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താൻ അവസരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിൻറെ വിഡിയോ പ്രചരിപ്പിച്ചാണ് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിക്കുന്നത്.

അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നത് വരെ നയപരമായ തീരുമാനങ്ങളും നിയമനിർമ്മാണവും പാടില്ലെന്ന എൻകെ പ്രേമചന്ദ്രൻറെ വാദത്തിൽ സ്പീക്കർ നാളെ റൂളിംഗ് നല്കും. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാൻ പോകുന്നത്. മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഒഴിവാക്കാൻ നോക്കിയ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തിനായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe