വടകര: അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും, താമസ സ്ഥലങ്ങളുടെ പരിശോധനയും ഊർജ്ജിതമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, പോലീസ്, തൊഴിൽ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ പരിശോധനയും കണക്കെടുപ്പും നടത്തണം. താമസ സ്ഥലങ്ങളിലെ ശുചിത്വം ആരോഗ്യ വകുപ്പ് ഉറപ്പ് വരുത്തണം. അതിഥി തൊഴിലാളികളുടെ പ്രശ്നം സമിതി അംഗം ബാബു ഒഞ്ചിയമാണ് ഉന്നയിച്ചത്. ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം നടക്കുന്ന കവർച്ചകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും, അടിക്കടി നടക്കുന്ന മോഷണങ്ങളിൽ ജനം ഭീതിയിലാണെന്നും സമിതി അംഗം പ്രദീപ് ചോമ്പാല പറഞ്ഞു.
ഒരു മാസത്തിൽ നടന്ന നിരവധി മോഷണ കേസുകളിൽ ഒന്നിൽ പോലും പ്രതികളെ പിടികൂടിയിട്ടില്ലെന്ന് പരാതി ഉയർന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് സമിതി അംഗം പി പി രാജൻ ആവശ്യപ്പെട്ടു. പെരിഞ്ചേരി കടവ് റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പ്രവർത്തി പൂർത്തിയാക്കണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. വടകര മുൻസിപ്പാലിറ്റിയിൽ ഉപ്പ് വെള്ളം കയറുന്നത് തടയാൻ പദ്ധതി പ്രാവർത്തിമാക്കാൻ കഴിയുമെന്ന് സമിതി അംഗം പി സുരേഷ് ബാബു പറഞ്ഞു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ മുഹമ്മദാലി(നാദാപുരം), പി സുരയ്യ(വാണിമേൽ), സമിതി അംഗങ്ങളായ പി സുരേഷ് ബാബു, ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല, പി പി രാജൻ, ബാബു പറമ്പത്ത്, പുറന്തോടത്ത് സുകുമാരൻ, ടി പി ബാലകൃഷ്ണൻ, പി എം മുസ്തഫ, തഹസിൽദാർ കല ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു.