അതൃപ്തി കടുപ്പിക്കുന്നോ ഡികെ? മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റി, ദില്ലിക്ക് ഇപ്പോളില്ല; പ്രശ്നം ‘അണുബാധ’

news image
May 15, 2023, 2:29 pm GMT+0000 payyolionline.in

ബെംഗളുരു: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമാക്കി വൈകിട്ട് രംഗത്തെത്തിയ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ കൂടുതൽ കടുത്ത നിലപാടിലേക്കെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ചർച്ചകൾക്കായി വൈകിട്ട് ദില്ലിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റി. ഇന്ന് എന്തായാലും ദില്ലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വയറിൽ അണുബാധയുണ്ടെന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്.

കൂടുതൽ സമ്മർദ്ദത്തിന്‍റെ ഭാഗമായുള്ള നീക്കമാണോ ഡി കെ യുടേതെന്ന സംശയമാണ് ഇതിന് പിന്നാലെ ഉയരുന്നത്. എന്നാൽ താൻ കടുത്ത നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് അദ്ദേഹം പരസ്യമായി പറയുന്നത്.  തന്‍റേതായി എം എൽ എ മാരില്ലെന്നും എല്ലാം കോൺഗ്രസിന്‍റെ എം എൽ എമാരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് 135 എം എൽ എ മാരുണ്ട്. മുഖ്യമന്ത്രി തീരുമാനം സംബന്ധിച്ച എല്ലാം ഹൈക്കമാൻഡിന് വിട്ടെന്നും ഡി കെ വിവരിച്ചു.

അതേസമയം വൈകിട്ട് നാല് മണിയോടെ ബെംഗളുരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഡി കെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിലെ അതൃപ്തി ആദ്യമായി പരസ്യമാക്കിയത്. ഞാൻ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ, തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓ‌ർമ്മിപ്പിച്ചു. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യം. പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നു. കോൺഗ്രസിന് വലിയ വിജയം നേടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വിവരിച്ചിരുന്നു.

ഇതിനൊപ്പമാണ് മുഖ്യമന്ത്രി തർക്കം സംബന്ധിച്ചുള്ള ചർച്ചകൾക്കായി ദില്ലിക്ക് പോകുകയാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കിയത്. ഇന്ന് എന്‍റെ പിറന്നാളാണ്, ക്ഷേത്ര ദർശനം നടത്തിയ ശേഷം ദില്ലിയിലേക്ക് പോവും. സമയം തീരുമാനിച്ചിട്ടില്ലെന്നും വിമാനത്തിന്‍റെ സമയം നോക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും നാല് മണിക്ക് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ദില്ലിക്ക് പോകാനുള്ള തീരുമാനം മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം മാറ്റുകയായിരുന്നു. ഇതോടെ ഇനിയെന്താകും ഡി കെയുടെ നീക്കം എന്നത് അറിയാനായി ഏവരും ഉറ്റുനോക്കുകയാണ്.

അതേസമയം കർണാടക മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്. നാളെ ഈ വിഷയത്തിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ വിശദമായ ചർച്ച നടക്കും. എ ഐ സി സി ചുമതലപ്പെടുത്തിയ നിരീക്ഷകരടക്കം റിപ്പോർട്ടുമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വീട്ടിലെത്തി യോഗം ചേരുകയാണ്. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയും ദില്ലിയിലെത്തി നേതാക്കളുമായി ചർച്ച നടത്തുന്നതുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe