‘അന്തിമവാദം മാത്രം ബാക്കി, മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്ത്?’; ഹര്‍ജി ഏപ്രില്‍ 13ലേക്ക് മാറ്റി

news image
Mar 27, 2023, 6:59 am GMT+0000 payyolionline.in

ദില്ലി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുന്നാസര്‍ മഅദനി നല്‍കിയ ഹാര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.

കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മഅദനിയുടെ ഹര്‍ജിയിലെ പ്രധാനആവശ്യം. തനിക്ക് ആയുർവേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്‍റെ  ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് വിചാരണ നടപടിയിലേക്കു കടക്കുന്നതിനാൽ കർണാടകയിൽ ഇനി തടവിൽ കഴിയേണ്ട കാര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വിശദമായ വാദം കേൾക്കാൻ വേണ്ടിയായിരുന്നു ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ഹർജിയിൽ അബ്ദുൾ നാസർ മഅദനിയ്ക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe