അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്, കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി

news image
Jul 17, 2023, 5:37 am GMT+0000 payyolionline.in

ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.

മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു. തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് വന്നതെന്നും എന്നാൽ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്നും മഅദനി വാദിച്ചു.

കൊച്ചിയിൽ വിമാനമിറങ്ങി റോഡ് മാർഗം അൻവാർശേരിയിലേക്ക് പുറപ്പെട്ട ഉടൻ മഅദനിക്ക് അവശത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങിയാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങിയത്. ജാമ്യവ്യവസ്ഥ കൃത്യമായി പാലിച്ചത് കൂടി പരിഗണിച്ചാണ് സുപ്രീം കോടതി അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ അനുവാദം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe