കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ എ.അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഇന്നു വിചാരണകോടതിക്ക് കൈമാറി. പുനർനിർമിച്ച രേഖകൾ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തു. എന്നാൽ, കോടതി അനുവദിച്ചില്ല. രേഖകളുടെ പകര്‍പ്പുകൾ സമര്‍പ്പിക്കുന്നതിനെ എതിർക്കാൻ കഴിയില്ലെന്നും നേരത്തെ ലഭിച്ച രേഖകളിൽനിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കാമെന്നും കോടതി അറിയിച്ചു. വിചാരണ കോടതിയിൽനിന്നു കാണാതായ 11 രേഖകളുടെ സര്‍ട്ടിഫൈഡ് പകർപ്പുകളാണ് കോടതിയിൽ സമർപ്പിച്ചത്.
ഇടുക്കി വട്ടവട സ്വദേശി അഭിമന്യു 2018 ജൂൺ ഒന്നിനാണ് കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട്–പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയായിരുന്നു പ്രധാനപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്ന് നഷ്ടമായത്. രേഖകൾ നഷ്ടമായതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യമുയർന്നിരുന്നു.
2019ലാണ് കേസിലെ രേഖകൾ നഷ്ടമായതെന്ന് കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് രേഖകൾ പുനര്‍നിർമിക്കാൻ ഹൈകോടതി നിർദേശം നൽകി. ഇത്തരത്തില്‍ രേഖകൾ നഷ്ടപ്പെടുന്നതും മറ്റെവിടെയെങ്കിലും ഉണ്ടാവുന്നതുമൊക്കെ സാധാരണമാണ്. അത് ഈ കേസിെൻറ കാര്യത്തിൽ മാത്രമായി കണക്കാക്കാൻ കഴിയില്ല. രേഖകൾ നഷ്ടമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ വിചാരണ നടപടികൾ ഇതുമൂലം വൈകില്ലെന്നും കോടതി അറിയിച്ചു. കേസ് വീണ്ടും ഈ മാസം 25നു പരിഗണിക്കും.