അമ്മ മകളെ പീഡിപ്പിച്ചെന്ന വിചിത്ര കേസ്: പൊലീസ് നടപടിക്കെതിരെ അന്വേഷണം

news image
Mar 18, 2025, 10:48 am GMT+0000 payyolionline.in

തൃശൂർ: ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിചിത്ര കേസ് എടുത്ത പൊലീസിന് എതിരെ അന്വേഷണത്തിന് നിർദേശം. ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്ത പൊലീസ് നടപടി അന്വേഷിക്കുവാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിയാണ് നിർദേശം നൽകിയിട്ടുള്ളത്.കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യക്ക് എതിരെ നൽകിയ പരാതിയിലാണ് ആഴ്ചകൾക്ക് മുമ്പ് കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ പോക്സോ ആക്ട് പ്രകാരം കേസ് എടുത്തത്. പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇത്തരം കേസ് വിശ്വസിക്കുവാൻ കഴിയില്ലെന്ന് ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ലഭിച്ച ആസൂത്രിതമായ പരാതിയിൽ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശമാണ് പൊലീസ് നൽകിയതെന്നും അതിനാൽ കേസ് എടുത്ത പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു. പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ അന്വേഷണം നടത്തുവാൻ തൃശൂർ ജില്ലാ പൊലീസ് മേധാവി ഇപ്പോൾ കൊടുങ്ങല്ലൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe