കൊയിലാണ്ടി: ദേശീയപാതയിൽ ആന്തട്ട സ്കൂളിന് മുൻപിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്ന് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിയിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ സമയോചിതമായി ഇടപെട്ട് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡിൽ ചിതറിക്കിടന്ന ചില്ലുകളും മറ്റ് അവശിഷ്ടങ്ങളും വെള്ളമുപയോഗിച്ച് കഴുകി നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോൻ ടി.യുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ലതീഷ് എൻ.എം, ഇർഷാദ് ടി.കെ, സുരേഷ് കെ.ബി, ഷാജു കെ, ഹോംഗാർഡ് രാജേഷ് കെ.പി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
