അരിക്ക് തീ വില; ഓണമുണ്ണാന്‍ ചെലവേറും; കൂടിയത് 10 രൂപ വരെ!

news image
Jul 31, 2026, 4:19 am GMT+0000 payyolionline.in

​സംസ്ഥാനത്ത് സാധാരണക്കാരന്റെ വയറ്റത്തടിച്ചുകൊണ്ട് അരിവില കുത്തനെ ഉയരുന്നു. വിപണിയിൽ അരി കിലോയ്ക്ക് അഞ്ച് രൂപ മുതൽ പത്തുരൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ഓണം അടുത്തെത്തിനിൽക്കുന്ന സാഹചര്യത്തിൽ വിലയിൽ ഇനിയും വൻ വർധനയുണ്ടായേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ഇതരസംസ്ഥാനങ്ങളിലുണ്ടായ മഴക്കുറവ് മൂലമുള്ള ഉൽപാദനക്കുറവും ചരക്കുകൂലിയിലുണ്ടായ വർധനയുമാണ് നിലവിൽ വില ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

​കേരളത്തിലേക്ക് പ്രധാനമായും മട്ട, ജയ, പൊന്നി ഇനങ്ങൾ എത്തുന്ന ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അരിവരവ് കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുൻപ് കിലോയ്ക്ക് 50 രൂപയായിരുന്ന മട്ട അരിക്ക് ഇപ്പോൾ 56 രൂപയായും, 49 രൂപയായിരുന്ന സുരേഖയ്ക്ക് 51 രൂപയായും വില വർധിച്ചു. ഇതിനുപുറമേ ജയ അരി കിലോയ്ക്ക് 47 രൂപയായും പൊന്നി അരി 40 രൂപയായും ഉയർന്നിട്ടുണ്ട്.

 

​പൊതുവിപണിയിൽ സാധാരണ ഇനം അരികൾക്ക് പുറമേ ബിരിയാണി അരിക്ക് എട്ട് മുതൽ പത്ത് രൂപ വരെയും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. അരിവില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പൂർണ്ണമായും താളംതെറ്റിക്കുന്ന പ്രധാന വിഷയമായതിനാൽ, വരും ദിവസങ്ങളിൽ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe